പ്രേമസുരഭിലങ്ങൾ, മാമകരഹസ്യങ്ങൾ
ഓമലേ, നിന്നോടു ഞാനോതിയില്ലേ?
അന്നവ സമസ്തവും കേട്ടുകേട്ടകം കുളുർ-
ത്തെന്നെ നീ ചുംബനത്തിൽ പൊതിഞ്ഞതില്ലേ?

എൻ ചുരുൾച്ചെറുമുടി കോതിയും തടവിയും
പുഞ്ചിരിപൊഴിച്ചു നീയിരുന്നിരുന്നു;
വെണ്മലർവിരിപ്പണിമെത്തയി, ലാത്തഹർഷം
നിന്മടിത്തട്ടിൽ ഞാൻ കിടന്നിരുന്നു;
നാണത്താലിടയ്ക്കിടെക്കോമളശോണിമ, നിൻ
ചേണഞ്ചും പൂങ്കവിളിൽ പരന്നിരുന്നു;
അല്ലണിവേണിയിൽ നീ ചൂടിയ മുല്ല മാല്യ-
മുല്ലസൽപരിമാം പകർന്നിരുന്നു;
ജാലകമാർഗ്ഗമെത്തും പൂനിലാവകത്തൊക്കെ-
ച്ചേലേലും നിഴലുകൾ ചേർത്തിരുന്നു;
ദൂരത്തു നീലവാനിൽ മിന്നിയ താരക-
ളാ രാവിൽ, നമ്മെ നോക്കിച്ചിരിച്ചിരുന്നു;
നിന്നോരോ ചലനവും, നിന്നോരോ വചനവും
എന്നിലൊരാത്മഹർഷം പൊഴിച്ചിരുന്നു;
ആയിരം വികാരങ്ങളായിരം വിചാരങ്ങ-
ളായിരം വിസ്മയങ്ങ,ളോറ്റിയെത്തി;
മാമകഹൃദയത്തിലാനന്ദമർച്ചകത്തേൻ
പൂമഴവാരിക്കോരിച്ചൊരിഞ്ഞിരുന്നു.
എന്തിനു, നീയും ഞാനും രണ്ടു പൂമ്പാറ്റകൾപോ-
ലന്തരീക്ഷത്തിൽ പാറിപ്പറന്നിരുന്നു;-
ആരംഗം-പുളകത്തിൻ പൊൻകിനാവുകൾ പൂത്തോ-
രാ രംഗം-നിർവൃതിതൻ നടനരംഗ്ഗം,
ആരെന്തുപറഞ്ഞാലു, മാ രംഗം മറക്കുവാ-
നാവുകില്ലെനിക്കിനിയോമലാളേ!

ജീവിതമൊരു വെറും സ്വപ്നമാണെങ്കി,ലാട്ടേ
നീ വിഷാദിച്ചീടായ്കെൻ ജീവനാഥേ!
നാളെ നാം പിരിഞ്ഞയ്യോ പോമെന്നോ?-പോട്ടെ!-പോകാം!
നാഅതു തടുക്കുവാൻ പ്രാപ്തരാണോ?
ഇന്നത്തെ വസന്തത്തിലിന്നത്തെപ്പനീർപ്പൂക്ക-
ളൊന്നൊന്നായ് പറിക്ക നാമിന്നുതന്നെ!
നാളെയുമിന്നലെയുംകൊണ്ടെന്തുകാര്യം-പോട്ടെ
നാമിന്നു നേടിയെങ്കിൽ നേടിയോർ നാം!
ആത്തനീരസം നമ്മെ ലോകമവഗണിക്കാം
ആത്മവേദാന്തം നമ്മെ അപഹസിക്കാം.
എന്നാലും നമുക്കെന്തു വന്നിടാൻ-തൃണപ്രായ-
മിന്നവ നിരസിക്കൂ, നിർവിശങ്കം!
ലോകത്തെ വെല്ലുവിളിച്ചോതും ഞാൻ, "മൂഢന്മാരേ!
ഹാ കഷ്ടം, നിങ്ങൾ തെറ്റിദ്ധരിച്ചുപോയി.
എന്നോളമുചിതജ്ഞ,നെന്നോളമൊരു വിജ്ഞ-
നിന്നോളമുണ്ടായിട്ടില്ലുലകിലെങ്ങും.
ഞാനഭിമാനിക്കുന്നു, നിങ്ങളെക്കാളടുപ്പ-
മാനന്ദത്തോടെനിക്കാണെന്തുകൊണ്ടും.
കല്ലിനെ ദൈവമാക്കിക്കൈകൂപ്പി, മതത്തിന്റെ
തലുകൊണ്ടമരുവോനലല്ലോ ഞാൻ!
കോവിലിൽ കണികാണാത്താനന്ദമിരിപ്പുണ്ടി-
ത്തൂവെള്ളിച്ചെമ്മുന്തിരിച്ചഷകത്തിങ്കൽ.
ഭ്രാന്തനായെന്നെയെണ്ണും നിങ്ങളാണെന്നാൽ വെറും
ഭ്രാന്തന്മാർ!-കഷ്ടം, നിങ്ങളെന്തറിഞ്ഞു!
നാളെ നേടിടാമെന്നോർത്തിന്നത്തെസ്സുഖം, നിങ്ങൾ
പാഴാക്കിക്കളഞ്ഞല്ലോ!-കഷ്ടമായി!
ഇന്നുമില്ലി,ല്ല തെല്ലും നാളെയും, വെറുംകൈയോ-
ടിമ്മട്ടിൽ ചെന്നു നിങ്ങൾ മണ്ണടിയും.
ആഴക്കു ചാമ്പൽമാത്രം നിങ്ങളും ഞാനും, പക്ഷേ,
പാഴാക്കിയില്ലെനിക്കെന്റെ സുഖത്തിലൊന്നും.
കർമ്മപ്രപഞ്ചംനമ്മെയൊന്നുപോൽപോറ്റിയെന്നാൽ
നമ്മളിൽ വിജയമിന്നാരു നേടി?

'മായികം, മായികം!' ഹാ, മാഴ്കുവിൻ നിങ്ങൾ നിത്യം
'മാധുര്യം, മാധുര്യം'- ഞാൻ മദിച്ചുപാടും!
പ്രാണനിലെനിക്കെന്നും രോമാഞ്ചം തളിക്കുമാ-
വീണക്കമ്പികൾ വേഗം മുറുക്കു, തോഴി!
മുന്തിരി, നിൻ മുഖാബ്ജപ്പുഞ്ചിരി;-മതി, മതി!
സുന്ദരി, ചരിതാർത്ഥൻ, ചരിതാർത്ഥൻ ഞാൻ!"

                             -സെപ്തംബർ 1932.

"https://ml.wikisource.org/w/index.php?title=ചൂഡാമണി/മദിരോത്സവം&oldid=36439" എന്ന താളിൽനിന്ന് ശേഖരിച്ചത്