പോകു,സോദരീ, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!
ഭഗ്നമോഹശതങ്ങളാൽ, ദു:ഖ-
മഗ്നമായ, നിൻ ജീവിതം-
നിഷ്ഫലപ്രേമബദ്ധമായ്, സ്വയം
തപ്തമായ നിൻ ജീവിതം;
വിണ്ടുവിണ്ടിദം വാടുമിക്കാഴ്ച
കണ്ടുനിൽക്കാനരുതു, മേ!
ഒട്ടുനാളോമനിച്ചൊരസ്വപ്ന-
മൊക്കെയും മറന്നേകയായ്
പോകു, സോദരി, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!

മഞ്ഞണിഞ്ഞ നിലാവുവീശി,യാ-
മഞ്ജുഹേമന്തമെത്തുമ്പോൾ;
ഈ മരതകവാടിക, നവ-
കോമളിമകൾ ചാർത്തുമ്പോൾ;
ഇക്കുടിലിൽനിന്നുദ്ഗമിക്കുമൊ-
രുൾക്കളത്തിന്റെ ഗദ്ഗദം!
അത്രമാത്രം മധുരആമൊരു
നിസ്തുലാമലസൌഹൃദം
നമ്മളെച്ചേർത്തിണക്കിയെന്തിനോ
കർമ്മബന്ധത്തിൽ സോദരി!
നിശ്ചയം നീ മറക്കുകയില്ലി-
പ്പച്ചക്കാടും മലകളും;
ഭദ്രസംതൃപ്തി പാട്ടുപാടുമി-
ക്കൊച്ചുകർഷകഗഹവും;
എത്രനോക്കിലും സാദ്ധ്യമാകില്ല
വിസ്മരിക്കാൻ നിനക്കിനി.
കുന്നിൻചോടിലെക്കുഞ്ഞിപ്പൂഞ്ചോല-
യുമ്മവയ്ക്കുമിഗാമത്തെ
ത്വൽപ്രണയത്തിൻ പൊൻകിനാവുകൾ,
നൃത്തമാടുമിസ്വർഗ്ഗത്തെ;
നിന്മഹനീയത്യാഗത്തിൻ ദീപം
മിന്നുമീ മണിക്ഷേത്രത്തെ!
എങ്കിലും സഖി, പോകു, പോകു, നിൻ
സങ്കടാശ്രുവുമായി നീ!
ഇല്ലനിസ്വാർത്ഥനിർമ്മലപ്രേമ-
മില്ല ലോകത്തിലെങ്ങുമേ!
അത്രമേൽ മർത്ത്യർ ഭൌതികോന്മാദ-
സക്തരായിപ്പോയി സോദരി!
എങ്ങുമേകാണ്മൂ കാമകജ്ജളം
തിങ്ങും മാനസ തൃഷ്ണകൾ!
നാമവയ്ക്കു നിരർത്ഥമായ്, പ്രേമ-
നാമമേകി ഭ്രമിക്കയാം.
ഘോരമാമതിൻചാരെനിന്നയേ്യാ!
ദൂരെമാറി നിൽക്കണേ!

അള്ളിയള്ളിപ്പിടിച്ചതെന്നെന്നും
പൊള്ളിക്കും നിന്മനസ്സിനെ!
ദിവ്യരാഗത്തിൻ വേദനപോലും
നിർവൃതിയാണു സോദരീ!
സ്വർഗ്ഗലോകത്തിലാണതിനുള്ള
നിസ്തുലമാം പ്രതിഫലം.
ഉല്ലസിക്കുമതെന്നുമശ്ശവ-
ക്കല്ലറയ്ക്കുമതീതമായി!
ഇപ്രപഞ്ചം നിരാശകൊണ്ടു നിൻ
സ്വപ്നരംഗം മായ്ക്കിലും
വ്യാകുലപ്പെടാനില്ല, നിർമ്മല-
രാഗദീപികയായ നീ.
ശാന്തിനിന്നെയും കാത്തിരിക്കുന്നു
പൂന്തണലിലുറക്കുവാൻ.
മർത്ത്യനീതികൾ മുള്ളുപാകാത്ത
സത്യസാമ്രാജ്യവീഥിയിൽ.
ഈ മരീചികാമണ്ഡലത്തിന്റെ
സീമയുംകടന്നേകനായ്.
പോകുസോദരീ, പോകു, നിന്നാത്മ
ശോകബാഷ്പവുമായി നീ.

മുഗ്ദ്ധസംഗീതം പുഞ്ചിരിക്കൊള്ളും
ശുദ്ധമാനസവീണയും;
ധർമ്മലോലുപകർമ്മരശ്മികൾ
ചിന്നുമാദർശദീപവും;
വിസ്ഫുരൽത്യാഗശോഭവീശുന്നൊ-
രുജ്ജ്വലപ്രേമഹാരവും;
ഒത്തു തോളോടുതോളുരുമ്മിനി-
ന്നെത്തിനോക്കുന്നു ദേവകൾ,
സ്വച്ഛശന്തിയിൽ നിന്നുയരുമ-
കൊച്ചുപൊന്നിങ്കിനാവിനെ! ...
ഭാവന നമ്മെക്കാട്ടുമീ, സ്വർഗ്ഗ-
ഭൂവുമീവിശ്വരംഗവും
തമ്മിലുള്ളതെന്തന്തരം-സഖി
കർമ്മധീരയായ്ത്തീരു നീ!
അല്ലയെങ്കിലിതിൽ ജയം നേടാ-
നില്ലമറ്റൊരു മാർഗ്ഗവും.
ഞാനശുഭപ്രതീക്ഷകനെന്നു
നീ നിനച്ചേക്കാ,-മെങ്കിലും,
വഞ്ചനകളാണീയുലകിന്റെ
നെഞ്ചിടിപ്പുകൾ സോദരീ!
തീരെയാത്മാർത്ഥതയ്ക്കിവിടത്തിൽ
വേരുറയ്ക്കില്ലൊരിക്കലും.
ശുദ്ധിയേതും പരാജയത്തിന്റെ
വിത്തുമാത്രമാണോർക്കനീ!
അങ്ങതാനോക്കൂ പാതിരച്ചന്ദ്രൻ
പൊങ്ങുന്നുകുന്നിൻ പിന്നിലായ്
വേദനയിൽനിന്നുദ്ഭവിക്കുന്ന
വേണുസംഗീതം മാതിരി;
പാർത്തിരുന്നതാ പച്ചിലക്കാട്ടിൽ
പാട്ടുപാടുന്നു രാക്കുയിൽ.
ഏതിരുളും വെളിച്ചത്തിൽ ചെല്ലും
പാതയാണെന്ന രീതിയിൽ,
ഈ നിരാശതൻ കൂരിരുട്ടിന്റെ
കാനനങ്ങൾക്കുമപ്പുറം
ബാലികേ, നിന്റെ കണ്ണുനീരിന്റെ
ചോലകൾക്കൊക്കെയപ്പുറം;
സോദരി! നിൻ ഹൃദയദുസ്സഹ-
വേദനയ്ക്കെല്ലാമപ്പുറം
നൂനം കേൾക്കായ്വരും നിനക്കൊരു
വീണവായന-പോക നീ!

                             -ഒക്റ്റോബർ 1936.

"https://ml.wikisource.org/w/index.php?title=ചൂഡാമണി/യാത്രാമൊഴി&oldid=36431" എന്ന താളിൽനിന്ന് ശേഖരിച്ചത്