(സാഹിത്യപഞ്ചാനനൻ ശ്രീ പി.കെ.നാരായണപിള്ളയുടെ സ്മാരകമായിരചിച്ചത്.)

ശ്രീമൽപ്രഭാവമേ, വെൽക, നിന്നോർമ്മയിൽ
താമരമൊട്ടായ് കഴിഞ്ഞിതെൻ കൈയുകൾ.
രോമാഞ്ചകഞ്ചുകം ചാർത്തിക്കയാണിതാ
മാമകസ്വപ്നസമാധിയിലെന്നെ നീ!
സങ്കൽപമുജ്ജ്വലജ്യോതിർമ്മയസ്വർഗ്ഗ-
സങ്കേതമൊന്നിന്നൊരുക്കുന്നു മുന്നിൽ മേ!
ഇക്കാട്ടുപൂക്കളുംകൊണ്ടർച്ചനയ്ക്കുനിൻ
തൃക്കാൽക്കൽ നിൽപിതിസ്സാഹിതീസേവകൻ.
അച്ഛിന്നകൌതുകം ഭക്തനർപ്പിക്കുമീ-
ത്തുച്ഛോപഹാരമിതംഗീകരിക്കണേ!

നിശ്ചയം കാലമേ, നിൻ കൃത്യമോർത്തുനീ
പശ്ചാത്തപിപ്പതിലില്ലെനിക്കദ്ഭുതം.
മൃത്യുവിങ്കൈപ്പടം പൊക്കി നീ മാച്ചിത-
ച്ചിത്രം-ചിതാഗ്നിയിൽക്കൂടിച്ചിരിച്ചു നീ!
വെൺചാമ്പൽ നോക്കി ഞെളിഞ്ഞു നീ, നിങ്ങളെ
വഞ്ചിച്ചുവെന്നേകഗർവസമ്പോർത്തിയാൽ;
കഷ്ട, മെന്നിട്ടു തലതിരിച്ചപ്പൊഴോ
ഞെട്ടി,യപ്പഞ്ചാസ്യഗർജ്ജനം കേൾക്കവേ,
പായേണ്ടിവന്നു നിനക്കിദം കൽപാന്ത-
മായിടുവോളം പിടികൊടുക്കാതിനി!

വന്നില്ലധൈര്യമടുക്കുവാനങ്ങതൻ
മുന്നിലെക്കത്യുഗമൃത്യുവിനും വിഭോ!
ലജ്ജയില്ലാതെപതുങ്ങിപ്പതുങ്ങിവ-
ന്നച്ചേവടിയറുത്തോടി, യെന്നിട്ടവൻ.
ഭീരുവിൻ ചിത്തത്തുടിപ്പന്നു കണ്ടതു
താരങ്ങൾ കാട്ടിത്തരുന്നതുണ്ടിപ്പൊഴും!
കാണാതെ നിർദ്ദയം ഛേദിച്ചുവെങ്കിലും
കാലുപിടിച്ചവനാണവ, നാകയാൽ,
പിന്നീടുമാപ്പുകൊടുത്തവനൊന്നിച്ചു
മന്നിതെന്നേക്കും വെടിഞ്ഞുപോയീ ഭവാൻ!

വിശ്വഹൃദയം വികസിക്കുമാറങ്ങു
വിട്ടിട്ടുപോയൊരീ വിജ്ഞാനമുദ്രകൾ
ആയത്തമാക്കുവാനാരുമാശിക്കുമീ-
യായിരമായിരമുജ്ജ്വലരശ്മികൾ;
നിസ്തുലതത്ത്വമുകുളസഹസ്രങ്ങൾ
നിത്യം വിടരുമിച്ചിന്താസരിത്തുകൾ;
ഭാരതീദേവിതൻശ്രീകോവിലിൽ പ്രഭാ-
ധാരവർഷിക്കുമീ വാടാവിളക്കുകൾ-
നോക്കിനോക്കിക്കരംകൂപ്പിനിന്നങ്ങയെ
മേൽക്കുമേൽ പൂവിട്ടുവാസ്ത്തും പ്രതിഭകൾ!
ഡംഭാർന്നു ഭാഷാവനത്തിൽ വിമർശക-
കുംഭീന്ദ്രർ നേരിട്ടണയവേ നിർഭയം
മസ്തകം തല്ലിപ്പൊളിച്ചു, വെൺമുത്തുക-
ളെത്ര നീ വാരിയണിഞ്ഞില്ല സിംഹമേ!
ഊൽക്കിതപ്പാർന്നു നിന്നട്ടഹാസങ്ങൾ കേ-
ട്ടുത്തുംഗശൃംഗപരമ്പരപോലുമേ!
പ്രാണരക്ഷാർത്ഥം പറന്നുപലവഴി-
ക്കേണങ്ങ,ളാകെക്കുലുങ്ങീ വനതലം;
ആർക്കുസാധിക്കും മായ്ക്കാൻ, മറക്കുവാ-
നോർത്താൽ നടുങ്ങുമസ്സംഹാരതാണ്ഡവം!

മൃത്യുവെപ്പോലും വിറപ്പിച്ച സിംഹമേ,
നിത്യസ്തുതിയിൽ സമുല്ലസിപ്പൂ ഭവാൻ!
ഓരോ ശതാബ്ദവും നൽകുമുപഹാര-
ഹാരങ്ങൾ മേന്മേലണിഞ്ഞണിഞ്ഞങ്ങനെ
വിശ്വപ്രശംസതൻ വിദ്രുമവേദിയിൽ
വിശ്രമസൌഖ്യം നുകരൂ മഹാമതേ!
സ്വർഗ്ഗസ്ഥനാം ഭവൽ പാദയുഗ്മത്തിൽ മൽ-
സ്സ്വപ്നമർച്ചിക്കുമിക്കാട്ടുവെൺപൂവുകൾ
മംഗളാത്മൻ, ഭവാൻ, വാത്സല്യപൂർവ്വക-
മംഗീകരിച്ചിന്നനുഗഹിക്കേണമേ!

                         മാർച്ച് 1939

"https://ml.wikisource.org/w/index.php?title=ചൂഡാമണി/സിംഹപൂജ&oldid=36430" എന്ന താളിൽനിന്ന് ശേഖരിച്ചത്