ജാതിനിർണ്ണയം
ജാതിനിർണ്ണയം രചന: (1914) |
മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോƒപി ന. 1
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാര
മൊരു ഭേദവുമില്ലതിൽ. 2
ഒരു ജാതിയിൽ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോ
ളൊരു ജാതിയിലുള്ളതാം. 3
നരജാതിയിൽ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുള്ള
തന്തരം നരജാതിയിൽ? 4
പറച്ചിയിൽ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച
മുനി കൈവർത്തകന്യയിൽ. 5
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തി
ലല്ലേ ഭേദമിരുന്നിടൂ? 6