തളിത്തൊത്തുകൾ/ആശീർവാദം
ആശീർവാദം
വെണ്ണിലാവു വന്നുമ്മവയ്ക്കുമ്പോൽ
കണ്ണുചിമ്മുന്ന പൂവുപോൽ
അപ്രതിമോന്മദാർദ്രമാകു, മൊ-
രപ്സരസ്സിന്റെ പാട്ടുപോൽ
ആകർഷിക്കുന്നു ഞങ്ങളെപ്പേർത്തും
ഹാ, ഗുരോ, ഭവജ്ജീവിതം
മോഹനാദർശവീണയിലതിൻ
സ്നേഹഗാനം തുളുമ്പവേ,
നിത്യവുമതിൽ മുങ്ങിയില്ലെത്ര
ഭക്തശിഷ്യശിരസ്സുകൾ!
സാന്തമാം ഭവൽസ്വാന്തദീപ്തിതൻ
കാന്തമാന്ത്രികശക്തിയാൽ
ഇന്നലെക്കണ്ട കക്കകൾപോലു-
മിന്നു മാണിക്യക്കല്ലുകൾ!-
നാളത്തെ നാടിൻ നന്മയ്ക്കു താങ്ങാം
നായകനെടുന്തൂണുകൾ!
താവകോൽക്കൃഷ്ട ശിക്ഷണത്തിന്റെ
ഭാവനാതീതപാടവം,
ആനയിച്ചിട്ടുണ്ടഭ്യുദയത്തി-
ലായിരം പിഞ്ചുജീവിതം.
ഇല്ലതൊന്നും മറക്കുവാനാവു-
കില്ല ഞങ്ങൾക്കൊരിക്കലും!
ജീവശാന്തത പൂവണിയിച്ച
താവകോത്തമസിദ്ധികൾ,
മിന്നിമിന്നിത്തെളിഞ്ഞിടും മേന്മേ-
ലെന്നും ഞങ്ങൾതന്നോർമ്മയിൽ.
കൃത്യബാദ്ധ്യതവിട്ടു, വിശ്രമ-
പുഷ്പശീതളച്ഛായയിൽ
മേലിലങ്ങയെത്താലോലിക്കാവൂ
മേദുരഭാഗ്യവീചികൾ.
ശാന്തിതന്നോമൽത്തങ്കത്താലങ്ങ-
ളേന്തിയേന്തി വന്നങ്ങനെ
മംഗളങ്ങളണിനിരന്നിട-
ട്ടങ്ങുതൻ നടപ്പാതയിൽ.
നിത്യമങ്ങയെസ്സൽക്കരിക്കട്ടെ
നിസ്തുലാത്മാനുഭൂതികൾ.
-1-3-1937