എന്തോ

ക്ഷണികമീലോകം കപട, മിങ്ങെങ്ങും
കണികാണാനില്ല പരമാർത്ഥം.
ഇവിടെയെന്തിനാണമലസന്ധ്യക-
ളിവിടെയെന്തിനിപ്പുലരികൾ
മറിമായം തിങ്ങിനിറയുമീ മന്നിൽ
വെറുമിരുൾമാത്രം മതിയല്ലോ!

അളികൾ മൂളുന്നു, കിളികൾ പാടുന്നു,
ലതികകളാടിത്തളരുന്നു
കുളിരണിത്തെന്നലിളകവേ, നവ-
കുസുമസൌരഭം വഴിയുന്നു.
ഇവയൊന്നും കാണാൻ മിഴിയില്ലിങ്ങാർക്കു-
മിവയൊന്നും കേൾക്കാൻ ചെവിയില്ല.
കനകനാണ്യങ്ങൾ, കനകനാണ്യങ്ങൾ
കഴിവു ലോകമിബ്ഭജനത്തിൽ
ഇനിയെന്നുകഷ്ട, മിവിടെനിന്നുമീ
മരുമരീചികമറയുന്നോ!-
പരമപാവനപ്രണയത്തിൻ ദിവ്യ-
കിരണമെന്നിനി പുലരുന്നോ!
സമരഭൂരിതം നവമേകലോക-
സഹജത്വമെന്നു വിടരുന്നോ! ...

                        -24-9-1932

"https://ml.wikisource.org/w/index.php?title=തളിത്തൊത്തുകൾ/എന്തോ&oldid=36509" എന്ന താളിൽനിന്ന് ശേഖരിച്ചത്