കുടുംബിനി

ചിത്തസങ്കൽപങ്ങൾ വിഭ്രമിപ്പിച്ചുകൊ-
ണ്ടിത്രയും കാലം നീയെങ്ങിരുന്നു?
ധ്യാനനിരതനായേകാന്തതയുടെ
മാണിക്യമഞ്ചത്തിൽ വിശ്രമിക്കേ,
കുന്നിൻ പുറങ്ങളിൽ ദൂരത്തണിയിട്ടു-
നിന്നു കുണുങ്ങുമത്തൈമരങ്ങൾ,
ഉമ്മവച്ചുമ്മവച്ചുല്ലസിപ്പിച്ചൊര-
ച്ചെമ്മുകിൽച്ചാർത്തിനടിയിലായി,
തൂമുല്ലമൊട്ടുപോൽ മിന്നിവിടർന്നത-
ന്നോമനേ, നീതന്നെയായിരുന്നോ?
ജ്ഞാനാഭിമാനം നടിപ്പവനാകിലും
ഞാനറിഞ്ഞീലതന്നപ്സരസ്സേ!
അൻപിലന്നെൻ പേർ വിളിച്ചുകൊണ്ടോടിയെ-
ന്നന്തികത്തെന്തു നീ വന്നിടാഞ്ഞൂ?

സ്വപ്നശതങ്ങൾ നിറംപിടിപ്പിച്ചുകൊ-
ണ്ടിത്രനാൾ നീയെങ്ങൊളിച്ചിരുന്നു?
മഞ്ഞിലലിഞ്ഞല ചിന്നിയുലാവിയ
മഞ്ജുളഹേമന്തചന്ദ്രികയിൽ,
നിന്നെയും ധ്യാനിച്ചെൻ മന്ദിരവാടിയിൽ
നിർന്നിമേഷാക്ഷനായ് ഞാനിരിക്കെ,
മുന്നിലാ വല്ലികൾ നൽത്തളിർവല്ലികൾ
പിന്നോട്ടുതള്ളി വിലക്കിയിട്ടും,
ആടിക്കുഴഞ്ഞണഞ്ഞാലിംഗനങ്ങളിൽ
മൂടിയതെന്നെ നീയായിരുന്നോ?
ശങ്കിച്ചുപോലുമില്ലിന്നോളം ഞാന, തെൻ
സങ്കൽപവല്ലിതൻ ചൈത്രഭാസ്സേ
അന്നെന്തുകൊണ്ടു നിൻ മൂടുപടം മാറ്റി-
വന്നില്ല നീയടുത്തോമലാളേ?

ഏറെനാളേറെനാളെന്നെത്തനിച്ചു വി-
ട്ടാരാൽ സ്വയം നീയൊളിച്ചുനിന്നു.
ഇന്നെൻ കരവലയങ്ങൾക്കകത്തു നീ
വന്നുചേർന്നപ്പൊഴേ, ക്കെന്തു ചെയ്യാം!
നിർവ്വിശങ്കം, ഹാ, വിദൂരത്തിലേക്കെന്നെ
ദുർവിധി വാരിയെടുത്തെറിഞ്ഞു.
ഇല്ലടുത്തില്ലടുത്തിങ്ങെനിക്കാരുമെ-
ന്നല്ലലിലൽപവും പങ്കുകൊള്ളാൻ.
അത്തലാലിങ്ങിരുന്നേകാന്തതയിൽ നിൻ
ചിത്രം വരയ്ക്കുകയാണെന്റെ ചിത്തം!
ഓരോരോ ചിന്തയും ചാലിച്ച ചായങ്ങ-
ളാരോ നിറപ്പകിട്ടേകിയേകി,
അപ്രതിമോജ്ജ്വലതേജസ്സിലാറാടി
നിൽപു നിന്മുന്നിൽ വന്നാത്മനാഥേ!
ആലോലബാഷ്പം പൊടിഞ്ഞോരെൻ കാൺകളാ-
ലാലിംഗനംചെയ്വൂ നിന്നെ ഞാനും!

ആമുഗ്ദ്ധദിവ്യരാഗാമൃതധാരയി-
ലാറാടിനിൽപതെന്നാത്മഹർഷം!
നിൻമുഖത്തല്ലലിൻ പാഴ്നിഴൽ വീശാതെ
നിന്മനസ്സൽപവും നൊന്തിടാതെ
എന്നുമിമ്മട്ടിൽ നീയുല്ലസിച്ചീടട്ടെ
മന്നിൽ മറ്റില്ലെനിക്കാശയൊന്നും.
മാമകജീവിതശ്രീയായ് നിന്നീവിധ-
മീ മന്നിൽ ദേവി, നീ വെൽക നീണാൾ,
എത്രയ്ക്കധമനാണെങ്കിലും നിന്നോടെൻ
ചിത്തം പ്രണയാർദ്രമായിരിക്കും.
നിർവ്വിഘ്നം നിന്നിൽ നിരന്തരം ചേരാവൂ
സർവ്വസൌഭാഗ്യവും സൌമ്യശീലേ! ...

                        -11-7-1940