തളിത്തൊത്തുകൾ/മോചനം
മോചനം
എവിടെ, ദിവ്യോന്മാദമെവിടെ, ചിദാനന്ദ-
മെവിടെ, സത്യസ്മേരമെവിടെ?-കാണട്ടെ ഞാൻ!
ഇരുളാ, ണിരുളാണു നാലുഭാഗത്തും, കാണാ-
നരുതാതാകുന്നല്ലോ കഷ്ടമപ്രേമാകാരം!
ഹൃദയം തുടിക്കുന്നൂ കൂരിരുട്ടായിപ്പോയി-
ച്ചുദയം ചെയ്യുന്നല്ലോ ശാന്തിദം തേജോബീജം!
കാൽകൾ മേ വിറകൊൾവൂ കണ്ടിട്ടില്ലിന്നോളം ഞാൻ
കാലദേശാതീതമാമീദൃശപ്രഭാപൂരം
ഇത്രനാൾ വ്യാമോഹമേ, സത്യമാണെന്നോതി നീ
നിസ്ത്രപം കാട്ടിത്തന്നതെ, ന്തതിൻ നിഴലല്ലേ?
ഈ മഹജ്ജീവന്മുക്തി തിരുത്തിത്തന്നില്ലെങ്കിൽ
പ്രേമമേ, നീയും വെറും മിത്ഥ്യയെന്നോർത്തേനേ ഞാൻ! ...
-3-10-1934