ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വിശ്രമത്തിന്


പ്തചിന്തകളാലൊരിക്കലും
തൃപ്തി തോന്നാത്ത തോഴരേ!
ഇങ്ങു പോരുവി,നിങ്ങു പോരുവിൻ
നിങ്ങളീ വനച്ഛായയിൽ.
സ്പർദ്ധയെന്തെന്നറിഞ്ഞിടാത്തൊരു
ശുദ്ധമാനസനാണു ഞാൻ
ആനന്ദിപ്പിക്കാം നിങ്ങളെ ഞാനീ
വേണുഗാനലഹരിയാൽ.
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളോമൽസഖാക്കളേ!
അങ്ങതാ പൂത്തു പൂത്തു നില്ക്കുന്നു
ഭംഗിയിൽ മരത്തോപ്പുകൾ
ഗ്രാമജീവിതശാന്തിതൻ നവ
രോമഹർഷങ്ങൾമാതിരി.
മഞ്ഞവെയ്ലല്പം പൊന്നു പൂശിയ
കുഞ്ഞലകൾ മിനുങ്ങവേ;
വെൺനുരകളാൽ തൻ മനോല്ലാസ-
കന്ദളങ്ങളിളകവേ;
സ്വച്ഛചിന്തകൾപോലൊഴുകുന്നു
കൊച്ചുകൊച്ചു പൂഞ്ചോലകൾ!
അല്ലലെല്ലാം മറന്നുപോം നിങ്ങൾ
തെല്ലിടയിങ്ങിരിക്കുകിൽ!
കാലവർഷം കഴിഞ്ഞു നില്ക്കുന്ന
നീലവാനിൻ തെളിമപോൽ
അത്ര ശുദ്ധമായുള്ളൊരോമന-
ത്തൃപ്തിതൻ മലർമെത്തയിൽ
വിശ്രമിപ്പിക്കു, നിങ്ങൾതന്നാർദ്ര-
വിഹ്വലഹൃദയങ്ങളെ!
നാനാജോലിത്തിരക്കുകൾ തിങ്ങു-
മാ നഗരങ്ങൾ വിട്ടിനി-
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളിഗ്രാമഭൂമിയിൽ.
ധന്യയാകും പ്രകൃതിമാതിന്റെ
നന്മടിത്തട്ടിലങ്ങനെ
സ്വപ്നവും കണ്ടു സ്വസ്ഥരായ് നിങ്ങൾ
വിശ്രമിക്കുകെൻ തോഴരേ !

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/12&oldid=216597" എന്ന താളിൽനിന്ന് ശേഖരിച്ചത്