ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ക്ഷതങ്ങൾ
മാനസത്തിങ്കൽ തുളുമ്പിനിന്നീടിനോ-
രാനന്ദമെല്ലാം കവർന്നുകൊണ്ടങ്ങതാ
പശ്ചിമശൈലപരമ്പരയ്ക്കപ്പുറം
നിർദ്ദയ,മയ്യോ, മറയുന്നിതെൻപകൽ!
നിശ്ശബ്ദദുഃഖങ്ങളോരോന്നിഴഞ്ഞിഴ-
ഞ്ഞെത്തുന്നിതേകാന്തമാമെൻ കുടിൽക്കകം!
മാമകദുഃഖം മധുരമാണെങ്കിലും
മാനസമെന്തോ മടിപ്പൂ നുകരുവാൻ.
കഷ്ടം, നിരാശാനിബദ്ധ,മതിൻസ്വപ്ന-
മുറ്റുനോക്കുന്നു വരുന്നോരിരുട്ടിനെ!
"വിശ്രമം, കഷ്ടമെവിടെയാ വിശ്രമം?"
വിഹ്വലജീവിതം കേണു ചോദിക്കയാം.
ഇന്നോളമൊട്ടും കരയാത്തതാം ചില
കണ്ണീർക്കണത്തിലതിന്റെ ഗാനങ്ങളെ
എല്ലാമടക്കി,യുയർത്തിപ്പിടിച്ചു കൊ-
ണ്ടല്ലലാർന്നായതിന്വേഷിപ്പു സന്തതം.
"സദ്രസം തുച്ഛമാമെൻ മൺകുടിലിൽ വ-
ന്നെത്തുന്നു നിത്യമനേകമതിഥികൾ.
എന്നാലെവിടെയെവിടെയാ വിശ്രമം
ധന്യനായോരെൻ നിരഘനിത്യാതിഥി?"