ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കാടുവീടായ്ക്കരുതിക്കൊണ്ടവൻ വിജനമാമോരോ
മേടുകളിലെങ്ങും ചുറ്റിനടന്നു നിത്യം.
അരിപ്പിറാക്കളുമണ്ണാർക്കണ്ണന്മാരുമണഞ്ഞു തൽ-
ക്കരതലംതന്നിൽ സുഖവിശ്രമംകൊള്ളും!
കരിയിലപോലുമൊന്നു കാറ്റേറ്റല്പമനങ്ങിയാൽ
ത്വരിതം പാഞ്ഞൊളിക്കുന്ന കാട്ടുപേടമാൻ.
മന്ദമണഞ്ഞവനുടെ നികടത്തിൽനിന്നവന്റെ
സുന്ദരാകാരത്തെപ്പാരം പകച്ചുനോക്കും!
അതുകാലമനുദിനമതിഗുണവതിയാമൊ-
രറബിപ്പെൺകൊടിയവനാഹാരം നല്കി.
പിതാവിന്റെ കൂടാരത്തിൽനിന്നുമവൾക്കുള്ള പങ്കാ-
ണതു-മോദാലവൾ നിത്യമവനായേകും!
ശയിക്കുവാൻ തനിക്കുള്ള ശയനീയമെടുത്തവൾ
പ്രിയമുൾക്കൊണ്ടവനായി വിരിച്ചു നല്കും!
ജോലികളിൽനിന്നു വിരമിച്ചശേഷമവനുടെ
കാലടിയൊച്ചകൾ കേൾപ്പാൻ കൗതുകത്തോടേ,
അണഞ്ഞീടും നിർന്നിദ്രയായവനോ,ടെങ്കിലും, നർമ്മ-
പ്രണയോക്തിയോതാനവളശക്തയായി!
അണുപോലുമുറങ്ങാതെയവൾ നോക്കിയിരുന്നിടും
ഗുണവാനത്തരുണന്റെ നിശാസുഷുപ്തി!
നിർവ്യാജസ്വപ്നങ്ങളുദിച്ചുയർന്നീടുമവനുടെ
നിശ്വാസമുത്ഭവിച്ചീടുമധരയുഗ്മം,
നിദ്രാവിഭജിതമവൾ, നോക്കിനോക്കികൃതാർത്ഥയായ്
സദ്രസം നിശീഥിനിയെപ്പറഞ്ഞയയ്ക്കും.
ശോണവർണ്ണോജ്ജ്വലതേജസ്സാർന്നണയും പുലർകാല-
മേണാങ്കനു പാണ്ഡുരത്വം വളർത്തീടുമ്പോൾ,
ഒരു ദീർഘശ്വാസത്തോടും ഹൃദയത്തിൽ തുടിപ്പോടും
പരിഭ്രാന്തയായിപ്പാരം പരവശയായ്
തണുപ്പാളും തന്റെ ഗേഹത്തിങ്കലേക്കത്തരുണിമാർ-
മണി വിധുരയായ് മന്ദം മടങ്ങിപ്പോകും!
'അറേബിയാ', 'പേർഷ്യാ' തൊട്ടുള്ളനേകദിക്കുകളിലും
മഞ്ഞുകട്ടിയെഴും 'ഗുഹകളിൽനിന്നും സിന്ധു' 'വോക്സ-
സെന്ന' തടിനികൾ കോരിച്ചൊരിഞ്ഞു നില്ക്കും
ഉന്നതഗിരികളിലും സഞ്ചരിച്ചു സഞ്ചരിച്ചു
വന്നതന്നാനന്ദപൂർണ്ണചിത്തനായ് ധന്യൻ!
അവസാനം കാശ്മീരത്തിലൊരു മലഞ്ചരുവിങ്ക-
ലവനണഞ്ഞതിമോദമധിവസിച്ചാൻ.
പരിമളം പലപാടും പരത്തിടും പലേതരം
പരിലസൽ പച്ചച്ചെടിപ്പടർപ്പുകളും,

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/22&oldid=216665" എന്ന താളിൽനിന്ന് ശേഖരിച്ചത്