ഇന്നലത്തെ രാത്രിയാകും തണലിന്റെ മേല്ക്കട്ടിയാ
മന്നാകെപ്പൊന്നൊളിയെങ്ങു പറന്നുപോയി?
നിജനിദ്രതന്നെസ്സമാശ്വസിപ്പിച്ച മൃദുസ്വരം
രജനിയെത്തഴുകിയ കനകപൂരം,
വസുധതൻ വമ്പിച്ചതാം പ്രതാപരഹസ്യാദികൾ
സ്വസന്തോഷം-ഇവയെങ്ങു പറന്നൊളിച്ചു?
ആഴിയിൽ പ്രതിഫലിക്കും മുഴുതിങ്കളാത്തതൃഷ്ണ-
മാകാശച്ചന്ദ്രബിംബത്തെ നോക്കിടുമ്പോലെ.
അവനുടെ മങ്ങിയതാം മിഴി രണ്ടും ശൂന്യമായി-
ട്ടാവെറും കാഴ്ചകളതാ നോക്കിനില്ക്കുന്നു!
മാനുഷികമധുരാനുരാഗദേവതയവനൊ-
രാനന്ദക്കിനാവു നല്കി സുഷുപ്തിയിങ്കൽ.
അവനോ ഹാ! കഷ്ട! മെന്നാലവൾതിരഞ്ഞെടുത്തുള്ളോ-
രനർഘസംഭാവനയെച്ചവുട്ടിത്താഴ്ത്തി!
പരക്കുമാ നിഴലിനെ പാരമുൽക്കണ്ഠയാർന്നവൻ
പരിഭ്രാന്തനായിട്ടിപ്പോൾ പിന്തുടരുന്നു
സ്വപ്നത്തിന്റെ സ്വർഗ്ഗസീമ കടന്നതു മറഞ്ഞുപോയ്
നിഷ്ഫലമവിടെയെത്താനവന്റെ മോഹം
തൂമൃദുലം കരതലം മനോഹരം കളേബരം
കോമളനിശ്വാസം കഷ്ടം! ഹാ! ചതിച്ചില്ലേ?
പോയി, പോയി, കഷ്ടമെന്നെന്നേക്കുമായിപ്പരന്നുപോയ്
വഴിയറ്റോരുറക്കത്തിൻ മരുപ്പരപ്പിൽ;
ആ മനോജ്ഞാകാരം,- നിദ്രേ, നിഗൂഢമാം നിന്റെ നാക-
സാമ്രാജ്യത്തിലെത്തിയെന്നും വിഹരിപ്പാനായ്
വരുന്നതിന്നാ മരണത്തിന്റെ തണുത്തതായിടു-
മിരുൾക്കവാടത്തിൽക്കൂടിക്കടക്കരുതോ?
ഉന്നതമായ് നിന്നിടുന്ന ശൃംഗങ്ങളും മഴവില്ലു
മിന്നിടുന്ന മഞ്ജുമേഘശകലങ്ങളും
പ്രതിബിംബിച്ചിടും തെളിത്തടാകത്തിൻ ശാന്തതയി-
ന്നതിയായിട്ടിരുണ്ട നീർച്ചുഴിയിലേക്കോ ,
നയിപ്പതു കഷ്ടം! കഷ്ടം! പകലിന്റെ ചൂടുനല്കും
വെയിൽനാളം മറയ്ക്കുന്ന മൂടൽമഞ്ഞിനാൽ,
മൂടപ്പെട്ടതാകും ശവകുടീരം മരിച്ച കണ്ണു-
മൂടിക്കെട്ടി മന്ദം മന്ദം നയിപ്പതെന്നാൽ,
നിദ്രേ, നിന്റെ സുഖസമ്പൂർണ്ണമായ് മിന്നിത്തിളങ്ങിടും
സ്വർഗ്ഗസാമ്രാജ്യത്തിലേക്കുതന്നെയല്ലല്ലി?
ഏവമൊരു ശങ്ക പെട്ടെന്നവനുടെ ഹൃദയത്തിൽ
പ്രവഹിപ്പാനാരംഭിച്ചാൻ വേഗതയോടേ!
അതന്നേരമുണർത്തിയോരസംതൃപ്തമാകുമാശ
നിരാശപോൽത്തലച്ചോറിൽത്തുളഞ്ഞുകേറി!
താൾ:അമൃതവീചി.djvu/25
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്