മഴവില്ലിനെപ്പോൽ മനംകവ,ർന്നെൻ
മിഴികൾക്കൊരുത്സവമായി മിന്നി.
"കുളികഴിഞ്ഞീറനോടമ്പലത്തി-
ലളിവേണി പോവുകയായിരുന്നു.
പുറകിൽ, നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴൽക്കെട്ടിൻ നടുവിലായി
സുരഭിലസംഫുല്ലസുന്ദരമാ-
മൊരു ചെമ്പനീരലരുല്ലസിച്ചു;
കവിതൻ കരളിലഴൽപ്പരപ്പിൽ
കതിരിടും കല്പനാശക്തിപോലെ!
"പരമേശപാദാർച്ചനാർത്ഥകമാം
പലപല പൂക്കളിയന്ന താലം
വിലസി,യാ വിശ്വവിമോഹിനിതൻ
വികസിതവാമകരാഞ്ചലത്തിൽ.
അനുപദം നൂപുരലോലനാദ-
മനുഗമിച്ചീടുമാറാ വിലാസം.
അരികിലരികിലണയുന്തോറു-
മൊരുമിന്ന,ലെന്തോ, കിളർന്നതെന്നിൽ!
"ഭുവനപ്രണയങ്ങളാകമാന-
മെവിടെത്തുടങ്ങുന്നുവെന്ന സത്യം,
അതിലജ്ഞനാമെനിക്കന്നു, വന്നെ-
ന്നനുഭവസാരം വിശദമാക്കി.
അറിയാമോ, ഗംഗേ, നിനക്കെവിടാ-
ണനുരാഗവല്ലിതൻ ബീജമെന്നായ്?
പറയാം ഞാൻ....കൺമുനക്കോണിലാണ-
പ്പരമനിർവാണലസൽസ്ഫുലിംഗം.
നയനാഞ്ചലങ്ങളിടഞ്ഞുപോയാൽ
നവരാഗനാടകനാന്ദിയായി!
മൃദുലപ്രണയമപാംഗമാർഗ്ഗം
ഹൃദയത്തിൽ വീണോരോ വേരുപൊട്ടും
അതു, പിന്നെ,ക്കാലാനുകൂല,മോരോ
പുതുതളിർ പൊട്ടിപ്പടർന്നുകൊള്ളും.
"കഥ നീട്ടുന്നെന്തി,നക്കാല്യകാല-
കമനീയകാമദസ്വപ്നരംഗം
അകതാരിൽ ഞങ്ങൾക്കു രണ്ടുപേർക്കു-
മനുഭൂതി വർഷിപ്പതായിരുന്നു.
താൾ:അമൃതവീചി.djvu/27
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്