ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അതുമുതൽക്കെന്നെയത്തയ്യലാളു-
മവളെയീ ഞാനും ഭജിച്ചുവന്നു
പലപല ദർശനംകൊണ്ടു മേന്മേൽ
പരിചയവല്ലി തഴച്ചുപോന്നു.
അലമാത്മബദ്ധരായ് തെല്ലുനാളി-
ലനുരാഗശൃംഖലകൊണ്ടു ഞങ്ങൾ.

"അവളൊരു മാന്യധനേശ്വരൻത-
ന്നരുമയാമേക സന്താനവല്ലി-
നിരഘഗുണോൽക്കരശ്രീനികേത-
നിരുപമസൗഭാഗ്യകല്പവല്ലി-
അവളൊരു നിസ്സാരചായകനി-
ലനുരക്തയായിക്കഴിയുകെന്നോ?
അമലാംബരത്തിലെത്താരകം വ-
ന്നടിയിലെപ്പൂഴിയെ പുല്കുകെന്നോ?
അവമാനഭീരുവാം ലോകമെമ്മ-
ട്ടതു കണ്ടു ചുമ്മാ സഹിച്ചിരിക്കും?-
അഥവാ, വിചിന്തനാതീതമാകു-
മതു, ലോകമെമ്മട്ടനുവദിക്കും?

"അകലത്തു പല്ലുമിറുമ്മി നില്ക്കു-
മലിവറ്റ നീതിതൻ മുന്നിൽ, ഞങ്ങൾ
അപരാധികലായനുനിമേഷ-
മപജയോൽഭീതരായാവസിച്ചു."

"നവചന്ദ്രികയിൽ കുളിച്ചുനില്ക്കും
നയനാഭിരാമനിശീഥിനികൾ
പലതുമപ്പൂമണിമാളികതൻ
പടിവാതിലൂടേ കടന്നുപോയി.
അവയിൽ ചിലതിൽ, തളർന്നു ലോക-
മതി സുഖനിദ്രയിലാണ്ടിരിക്കെ
പ്രണയസ്വരൂപിണിതൻ മുറിയി-
ലണയുമാറുണ്ടു ഞാൻ ഗൂഢമായി!

"ഹൃദയം പകർന്നു പകർന്നു ഞങ്ങൾ
മതിമറന്നാ ഗൂഢനിർവൃതിയിൽ
മുഴുകിയും മുങ്ങിയും നേർത്ത രണ്ടു
മുരളീരവങ്ങൾപോലുല്ലസിച്ചു.
'പറയട്ടേ, ഭാനു, ഞാ'നോമലാളോ-
ടരുളാറുണ്ടെന്നു ഞാനാത്തരാഗം;

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/28&oldid=216696" എന്ന താളിൽനിന്ന് ശേഖരിച്ചത്