ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അകതളിരാലേവം മർമ്മരമൊ-
ന്നലസം ഞാൻ വീശിക്കൊണ്ടാത്തഗൂഢം
മമ ഭാഗ്യതാരകമുല്ലസിക്കും
മണിമലർമേടതന മുന്നിലെത്തി!...

"കുറെദൂരെ തെക്കുവശത്തിനെന്താ-
ണെരിതീയോ, കത്തുന്ന പട്ടടയോ?-
ഒരു ചൂതവൃക്ഷത്തിൻ പിന്നിലായി-
ട്ടിരുളിൽ ഞാൻ മാറിപ്പതുങ്ങിനിന്നു.
ശിവനേ,യിക്കാണുന്നതെ,ന്തിതാർതൻ
ശവദാഹ,മീ നടുപ്പാതിരയിൽ?-
ണ്ടരികി,ലച്ചെന്തീച്ചിതയ്ക്കരികിൽ...
ഒരു ശബ്ദംപോലുമിയറ്റിടാത-
ക്കരിമാടന്മാരതു നിർവ്വഹിപ്പൂ!...

"വിഷമിച്ചിടേണ്ട നീ, ഗംഗേ, ഞാനാ
വിഷമചരിത്രം പറഞ്ഞുതീർക്കാം.
അവർ ദഹിപ്പിച്ചതെൻ ജീവിതത്തിൻ-
ശവ-"മയ്യോ, ഞാനൊന്നു ഞെട്ടിപ്പോയി!
മദനന്റെ കണ്ഠമിടറി, യെന്തോ
വദനംമുഴുക്കെ വിളർത്തുപോയി
അരുവിയെന്നോണം കവിളിണയി-
ലിരുകണ്ണീർച്ചാലു കുതിച്ചൊഴുകി."

"അവ,ളയ്യോ ഗംഗേ, മരിച്ചതല്ല
അവളെ മരിപ്പിച്ചതായിരുന്നു.
അവമാനഭീതിയാലന്ധായി-
ട്ടവളുടെ താതനാ വിശ്വഘോരൻ
അവളറിയാതവൾക്കാത്തകോപ-
മലിവെഴാതയ്യോ വിഷംകൊടുത്തു.
അവനേവം സ്വന്തരക്തത്തെയർപ്പി-
ച്ചവമാനത്തിൽനിന്നു രക്ഷനേടി.
ഉലകറിയാതവനശ്ശരീര-
മൊരു രാത്രിക്കുള്ളിൽ വെൺചാമ്പലാക്കി
നിയമത്തിൻ മുഷ്ടിയിൽനിന്നെളുപ്പം നിജധനശക്തിയാൽ മുക്തി വാങ്ങി.

"ഒരുവാക്കവസാനം മിണ്ടുവാനും
തരമാകാതസ്വപ്നം മാഞ്ഞുപോയി.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/33&oldid=216637" എന്ന താളിൽനിന്ന് ശേഖരിച്ചത്