ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്തിന്മ കീഴ്പ്പിറവിയിങ്കൽ വിതച്ച തങ്ങ- ളെന്തിന്നു പാഴിൽ മരുവുന്നതു മേലിലെന്നായ് ചിന്തിച്ചു ഭൂപമിഴികൾക്കുരുകുന്നൊരുള്ളം പന്തിക്കു ബാഷ്പതനു പൂണ്ട വെളിക്കു ചാടി.

ആമട്ടു ബന്ദിയൊടു ദുർവിധി പോരിടുമ്പോ- ളീമന്നനെൻ കണകളെശ്ശിരസാ വഹിപ്പാൻ രോമം വളർത്തിടരുതോ ചെറുതെന്നു തോന്നി- ക്കാമൻ തുരുഷ്കനൃപനോടടരിന്നണഞ്ഞു.

"താനമ്പിലിദ്ധരയിലേതിനെയാശ്രയിച്ചോ ഞാനമ്മരം പിഴുതുമാറ്റിന മുല്ലവള്ളി മാനത്തിൽ നീർ,നിഴ,ലിവറ്റയിലാശയറ്റാൽ വേനൽക്കൊടുംകനലിൽ വെന്തുകരിഞ്ഞുപോട്ടെ."

എന്നോർത്തൊരിത്തിരി ഞെളിഞ്ഞു കഴുത്തുയർത്തി മന്നോർക്കു മന്നനകമേ കുടിവച്ച ധൈര്യ്യം കന്നാടെതിർത്തകുചയാളൊടുകൂടി വാഴ്വാൻ വന്നോരു ശങ്കയിൽ വലഞ്ഞവിടം വെടിഞ്ഞു.

പഞ്ചാസ്യനാകുമഹിതൻ രദനങ്ങൾ തോറ്റ പഞ്ചായുധപ്രഭു വിടും കണകൾക്കു ലാക്കായ് പഞ്ചാസ്യവിക്രമനവൻ പകലോടു രാവാ- പ്പഞ്ചാമൃതാധരിയെയോർത്തു പരുങ്ങി പാരം.

മല്ലാസ്ത്രനെന്ന ഭുവനത്രയചക്രവർത്തി കൊല്ലാക്കൊലയ്ക്കു കുറിയാക്കിയ ദുഷ്ടഭൂപൻ നല്ലാരിൽമൌലിമണി പത്മിനി കാണ്മതിന്നായ്- ച്ചൊല്ലാവതെന്തു? - കുറിയൊന്നു കൊടുത്തയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/40&oldid=210866" എന്ന താളിൽനിന്ന് ശേഖരിച്ചത്