താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/105

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 100 —


“ഇദ്ദേഹം?” എന്നെ ചൂണ്ടിക്കൊണ്ടു പ്രേമാ അഛനോട് ചോദിച്ചു.

“ഇദ്ദേഹമല്ലായിരുന്നെങ്കിൽ നിന്റെ അഛനെ നീയിപ്പോൾ ജീവനോടെ കാണുകയില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു. അവൾ ഒന്നു ഞെട്ടി. അദ്ദേഹം സാവധാനം ആ ചരിത്രം പറഞ്ഞുതുടങ്ങി. അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തെത്തി. അഛനും മകളും പിറകിലെ സീറ്റിലും ഞാനും ഡ്രൈവറും മുൻ സീററിലുമിരുന്നു. കാർ നീങ്ങി. പട്ടണ പ്രാന്തത്തിലൂടെ കടന്നു് അതു ഗ്രാമപാതയിലൂടെ സാമാന്യം വേഗത്തിൽ നീങ്ങി.

കഥ തീൎന്നപ്പോൾ കാർ ഒരു ഗേറ്റു കടന്നു ഒരു സുന്ദര ഹൎമ്മ്യത്തിന്റെ മുന്നിലെത്തി. ഏറ്റവും പുതിയ ഒരു ബംഗ്ലാവ്, ചായപ്പണികളും ചിത്രവേലകളും മൂലം അതേറ്റം കമനീയമായിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. നാലുചുറ്റും പന്തലിട്ടുള്ള പച്ചമരങ്ങളും അതിൽ മഞ്ഞയും, നീലയും, ചെമപ്പും നിറത്തിലുള്ള മലരുകളും മന്ദമാരുതനിൽ ചാഞ്ചാടി ആ ചുററുപാടുകൾക്കു് കൂടുതൽ ആകൎഷണീയത നല്കിക്കൊണ്ട് പരിലസിക്കുന്നു.

“ഞങ്ങൾ അങ്ങയോടെന്തു കടപ്പെട്ടിരിക്കുന്നു” വിരിമാറിൽ കൈ വച്ചുകൊണ്ടു കഥ മുഴുവനും കേട്ട് കഴിഞ്ഞു ഡോർ തുറന്നു പുറത്തേക്കിറങ്ങിക്കൊണ്ടും പ്രേമ പറഞ്ഞു.

“ഒരു ജോലി തന്നു എന്റെ ഭാവിയെ രക്ഷിക്കാമെന്നു സമ്മതിച്ച നിങ്ങളോടു ഞാനെന്തു കടപ്പെട്ടിരിക്കുന്നു.” ഞാനറിയിച്ചു.

“ജോലി വേറെ കിട്ടും. പക്ഷെ ഞങ്ങളെ വേറെ മാറി എങ്ങിനെ കിട്ടും?” അവൾ മന്ദഹസിച്ചുകൊണ്ടു് ഒരു ചോദ്യശരമയച്ചു.