താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/129

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 124 —


ഇന്നലത്തെ യാത്രയുടെ ബാക്കി ഇരുന്നൂറു രൂപയോളം എന്റെ പോക്കറ്റിലുണ്ടു്. ഇനിയും കുറെ നാളത്തേക്കു ആഹാരക്ഷാമമുണ്ടാകുകയില്ല എന്നെനിക്കുറപ്പുണ്ടു.

ഞാൻ നടന്നു. ജീവിതത്തിന്റെ പരുക്കൻ വശങ്ങളുമായി ഞാനിനിയും തോളുരുമ്മണം. ഇനിയും ഞാനെന്തുമാത്രം കരയണം

വളരെ ദൂരം ബസ്സുയാത്ര ചെയ്തശേഷം ഞാന് ടൗണിൽ 11 മണിക്കു വന്നുചേൎന്നു. അടുത്തൊരു ഹോട്ടലിൽനിന്നും കാപ്പിയും കുടിച്ച് ബീഡിക്കടയുടെ ബഞ്ചിലിരുന്നു. തീൎത്തും അപരിചിതമായ ഒരു പ്രദേശം. കച്ചവടപ്പിടികകളും സ്ഥാപനങ്ങളുമുണ്ടു്. ഞാൻ നാലു ചുറ്റുമൊന്നു വീക്ഷിച്ചു. ‘അനിൽ സ്റ്റുഡിയോ അതിനടുത്തൊരു ജവുളിക്കട. തൊട്ടടുത്തൊരു സ്വൎണ്ണക്കട, അല്പം അകലെ ഒരു ബാർബർ ഷോപ്പ്. അതിനടുത്തുള്ള കെട്ടിടത്തിനു രണ്ടു നിലകളാണുള്ളത്. മുകളിലത്തെ നിലയിൽ വലിയബോർഡു തൂക്കിയിട്ടുണ്ട്. “ജയകേരളാ തിയേറ്റേഴ്സ് ഓഫീസു്” എന്നാണതിൽ എഴുതിയിരിക്കുന്നതു്.

എനിക്കല്പം കൗതുകം തോന്നി. ഞാൻ നേരെ ജയകേരളാ തിയേറ്റേഴ്സ് ഓഫീസിലേക്കു നടന്നു. രണ്ടാംനിലയിലേക്കുള്ള പടി കയറിയപ്പോൾ അപരിചിതനായ ഒരാൾ ചോദിച്ചു. “എവിടാ സാറിന്റെ വീട്”? എന്നു്.

തീരെ പരിചയമില്ലാത്ത ഒരാൾ ഇങ്ങനെ വലിയ പരിചയക്കാരനെപ്പോലെ സംസാരിക്കുന്നതു കണ്ടപ്പോൾ എനിക്കേറെ അത്ഭുതം തോന്നി.

“കുറേ തെക്കാണു്” ഞാൻ പറഞ്ഞു.

“പേരോ? അയാൾ വീണ്ടും ചോദിച്ചു.”