താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/22

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 17 —


അർദ്ധരാത്രിയായപ്പോഴേക്കും അന്തരീക്ഷം കലുഷമായി കാണപ്പെട്ടു. ഒരു കൊടും കാറ്റു് ആരംഭിച്ചു. തീവണ്ടി, പാളം തെറ്റിപ്പോകുമോ എന്നു തോന്നിപ്പോകുന്നു. കൊള്ളിയാൻ പല പ്രാവശ്യം മിന്നി. അധികം വൈകിയില്ല തുള്ളിക്കൊരു കുടംപോലെ മഴയും ആരംഭിച്ചു.

അസ്പഷ്ടമായ പ്രകാശത്തിൽ ചുറ്റുമുള്ള ചില കൂരകൾ വിറയ്ക്കുന്നതു കാണാം.

ലീസാ സുഖനിദ്രയിലാണ്ടിരിക്കുകയാണു്. മഴ ശമിക്കുന്ന ലക്ഷണമില്ല. മഴത്തുള്ളികളെ ഭേദിച്ചുകൊണ്ട് ചൂളം വിളിയോടെ തീവണ്ടി മുന്നേറുന്നു. തണുത്ത ഒരു കാറ്റു് കിഴക്കോട്ടടിച്ചു. അവൾ ചൂളിച്ചുരുണ്ടുപോയി.

വണ്ടി ഏതാണ്ടു് അരഫർലോങ്ങ് നീളമുള്ള ഒരു പാലത്തിലേക്കു കയറുകയാണു. കിഴക്കൻ മലവെള്ളം പാലം മൂടി തകൎത്തൊഴുകുന്നു. പെട്ടന്നൊരു ശബ്ദം കേട്ടു. . . . ഒരു കൂട്ടക്കരച്ചിലും. ഞാൻ തല പുറത്തേക്കുനീട്ടി മുന്നോട്ടു നോക്കി. എൻജിനും ആദ്യത്തെ ഒരു കമ്പാർട്ടുമെൻറും പാളത്തിലല്ല. പുറകേ ഓരോന്നും പാളം തെറ്റുന്നു. എന്റെ തലക്കെന്തോ ഒരു മത്തുപിടിച്ചപോലെ.

ഞാൻ പൊട്ടിക്കരഞ്ഞുപോയി..... “ലീസാ”-ഞാൻ ദിഗന്തത്തെയും ഭേദിക്കത്തക്ക ഉച്ചത്തിൽ അലറി. അവൾ കണ്ണുതുറന്നു, ഭീതിയാൽ ഉയൎത്തിപ്പിടിച്ച മുഖവുമായി അവൾ എന്നോടു പറ്റിച്ചേർന്നുനിന്നു.

ഞങ്ങളിരുന്ന കംപാർട്ടുമെന്റ് ചരിഞ്ഞു.... ഒന്നുമൊന്നും അറിഞ്ഞുകൂടാ.

3