താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/80

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 75 —


ഞാൻ സാവധാനം രണ്ടു ചെറിയ മുളകമ്പുകളെടുത്തു. അയാളുടെ ദേഹത്തു രണ്ടുംകൂടി ഇറുക്കിപ്പിടിച്ചു.... പാപം വെരണ്ടോടി. ഞാൻ വേഗം മാടത്തിന്റെയടുത്തു ചെന്നുനില്പായി.

വേണു അകത്തുകടന്നു. അയാൾ ടോർച്ചു മുണ്ടിനടിയിൽ പിടിച്ചു ചുറ്റും പ്രകാശിപ്പിച്ചു... അയാൾ തേവിയെക്കണ്ടു. ‘തേവി’ അയാൾ മുട്ടിവിളിച്ചു. അവൾ പേടിസ്വപ്നം കണ്ടതുപോലെ ചാടി എഴുന്നേറ്റു. “തേവി ഇന്നാ” അയാൾ പത്തിന്റെ നോട്ടെടുത്തുവെച്ചു നീട്ടി.

“തമ്പ്‌റാ മരിയാതക്കു പോ അതാ നല്ലേ” അവൾ മുന്നറിയിപ്പുകൊടുത്തു.

“കൊച്ചു കള്ളി നീയെന്നെമെരട്ടുന്നോ” അയാൾ അവളെ കടന്നു പിടിച്ചു. അവൾ ശബ്ദമുണ്ടാക്കി. ചോതിമൂപ്പൻ ചാടിഎണീറ്റു....

“ആരാതു്, തേവിക്കിടാത്തി” അയാൾ ചോദിച്ചു. “തമ്പ്‌റാൻ” അവൾ ശബ്ദിച്ചു. അമ്പിളിക്കല തെളിഞ്ഞുവന്നു. അപ്പോഴുമയാൾ അവളെ ബലമായി പിടിച്ചിരിക്കുകയാണു്. വൃദ്ധനാണെങ്കിലും അയാളുറ്റെ രക്തം ത്രസിച്ചു. ആ ഞരമ്പുകളും പിടച്ചു. ചുരുട്ടിയ മുഷ്ടിയുമായി അയാൾ വേണുവിനോടടുത്തു. ആ ദുഷ്ടന്റെ ഊക്കേറിയ കരങ്ങൾ അയാളുടെ ശുഷ്കിച്ച ദേഹത്തു പെരുമാറി...

“കോവാലാ” അയാൾ ഉറക്കെ വിളിച്ചു. ഞാൻ ഓടിയടുത്തു.

“കോപാലഞ്ചേട്ടാ” തേവിയും ദിഗന്തം ഭേദിക്കുമാറുച്ചത്തിൽ വിളിച്ചു.