താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/93

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 88 —


രാത്രിയിൽ നല്ല മഴയുണ്ടായിരുന്നു. കാറ്റും പിശറും, പൂർണ്ണമായി മാറീട്ടില്ല. കിഴക്കൻമഴവെള്ളം കുത്തിയൊഴുകി വരുകയാണു്. ഞാനാ കാവൽ മാടത്തിൽ ചിന്താനിരതനായിരുന്നപ്പോൾ കുഞ്ഞനും, കുട്ടനും, മൈലനും കൂടി അങ്ങോട്ടുവന്നു.

“കുഞ്ഞാ, ഞാൻ പോകുകയാണു്” ഹൃദയം നിറഞ്ഞ വേദനയോടെ ഞാൻ പറഞ്ഞു.

"യെന്നാണേലും കോപാലൻ പോണ്ട” എല്ലാവരും ഒരുമിച്ചഭ്യൎത്ഥിച്ചു.

ഞാനെന്റെ ചരിത്രമവരെ ധരിപ്പിച്ചു. ലിസായെ തിരക്കിയാണു ഞാൻ തിരയുന്നതെന്നു അവരെ മനസ്സിലാക്കി. ശാന്തയുടെ സ്നേഹത്തെക്കുറിച്ചും ഞാനവരോടു സംസാരിച്ചു.

“ഇതൊക്കെയാണു പരിതസ്ഥിതി” അവസാനം ഞാൻ പറഞ്ഞു നിറുത്തി.

“ഏതാണേലും കൊറെ പിന്നെപ്പോയാമതി” അവർ പറഞ്ഞു.

അവർ ഏതോ ജോലിക്കായി പടിഞ്ഞാറോട്ടു നടന്നു. ഞാനുമെഴുന്നേറ്റു. ഓരോ പാദവും ഓരോ ചോദ്യചിഹ്നം പോലെ ഞാനെടുത്തുവച്ചു. “ഇനിയത്തെഭാവി?” എന്റെ തലക്കുള്ളിലിരുന്നു കൊണ്ട് തെരുതെരെ ആരോ വിളിച്ചു പറയുന്നതുപോലെ തോന്നി.

ഞാനെങ്ങോട്ടാണ് പോകുന്നതെന്നോ എവിടംവരെ പോകണമമെന്നോ എനിക്കു നിശ്ചയമില്ല, ഒരു ലക്ഷ്യവുമില്ലാത്ത മുന്നേറ്റം...