താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/139

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുധയേയും വിളിക്കാതെയിരിക്കയില്ല.

അവൾ പറയും: "ഞാനില്ല."

"എടീ പെണ്ണേ! രണ്ടു തുമ്പക്കൊടമെങ്കിലും പറിച്ചു കെഴക്കോറത്തിട്" എന്ന മുത്തശ്ശിയുടെ മുറുമുറുക്കൽ എങ്ങനെയോ സുധയെ പറമ്പിലേയ്ക്ക് ഇഴയിക്കും. എന്നാൽ അവിടെയെങ്ങും അവൾ ഒറ്റ പൂപോലും കാണുകയില്ല.

അങ്ങേതിലെ കരുണൻ പൂവിട്ട് ഓണം കൂകുമ്പോൾ സുധ വിചാരിക്കും: 'കഷ്ടം! എന്റെ മുരളി ഉണ്ടായിരുന്നെങ്കിൽ... എത്ര നീളത്തിൽ കൂകുമായിരുന്നു!'

പന്തുകളിക്കോലാഹലം കേട്ടു ചെവിയോർക്കുന്ന അവൾ മന്ത്രിക്കും: 'കഷ്ടം! എന്റെ മുരളി...എന്തുന്നാ...എറിയേണ്ട താമസം കമ്പിൽ ചെന്നു കൊള്ളുവാൻ!...'

അമ്പലത്തിൽച്ചെന്നു തൊഴാൻ നിൽക്കുമ്പോൾ അവൾക്ക് ഓർമ്മ വരും, ഇലഞ്ഞിച്ചുവട്ടിലെ ഉണ്ണികൃഷ്ണന്റെ അമ്പലം. 'തൊടരുത്' എന്നു പറഞ്ഞ് ഒതുങ്ങിനിന്നു പ്രസാദം ഇട്ടുകൊടുക്കുന്ന ആ മുരളിസ്വാമി!...

മകരമാസത്തിലെ മകം. അവളുടെ ജന്മനക്ഷത്രം. അന്നാണ് അവൾക്കു സഹിക്കവയ്യാത്ത സങ്കടം. അന്നു പ്രത്യേകിച്ച് ഒരു കാരണം കൂടി ഉണ്ടാകും. അവളുടെ അമ്മ പറയും: "കഷ്ടം! ആ മുരളി...അവന്റെയും ജന്മദിനമല്ലേ ഇന്ന്; അവനുണ്ടെങ്കിൽ എന്തായിരിക്കും ഇന്ന് കിഴക്കേതിലെ കോലാഹലം!" സുധ വാവിട്ട് കരയും. കരഞ്ഞുകരഞ്ഞു കൺപോളകൾ വീർത്ത്, മിക്കവാറും ഒന്നും കഴിക്കാതെതന്നെ സുധ ഉറങ്ങിപ്പോകും!

ഒരു ദിവസം സുധ പറകയാണ്, അവളുടെ സഹപാഠിനിയായ രാധയോട്:

"ഞങ്ങളുടെ കിഴക്കേതിലെ മുരളി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പതിമ്മൂന്നുവയസ്സു തികയും. ആ ചുരുളൻ തലമുടി പപ്പറശ്സായിട്ട്, കുപ്പായത്തിന്റെ ബട്ടൺസും ഇടാതെ, മുരളി കാലും ആട്ടിക്കൊണ്ട് ആ ബഞ്ചിൽ ഇരിക്കുന്നതുപോലെ എനിക്കു തോന്നുന്നു!"

രാധയുണ്ടോ കിഴക്കേതിലെ മുരളിയെ അറിയുന്നു! അവൾ പ്രതിവദിച്ചു: "എനിക്കു കേൾക്കേണ്ടാ; ഈ ആൺകുട്ടികൾ... എല്ലാം അസത്തുക്കളാണ്! മുരളിയും മുരുകനും..."

പിന്നെ രണ്ടാഴ്ചയ്ക്കു സുധയും രാധയും തമ്മിൽ മിണ്ടാട്ടമേ ഇല്ല!...

അന്നു സുധയുടെ സഹോദരൻ ബാലൻ വളരെ ആഹ്ലാദത്തോടുകൂടിയാണ് വീട്ടിൽ വന്നത്. അവൻ 'സ്കൂൾഫൈനൽ' ജയിച്ചുപോലും!

സുധ വിചാരിക്കയാണ്: 'ബാലച്ചേട്ടനും മുരളിയും ഒരു പ്രായം...'

അവൾ ചോദിച്ചു: "അപ്പോളേ ചേട്ടാ! നമ്മുടെ മുരളി ഉണ്ടായിരുന്നെ