താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/144

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുകലസൃഷ്ടിചെയ്തവർക്ക് എന്തു പേരു കൊടുക്കണമെന്നു ശബ്ദാഗമശാസ്ത്ര സമ്പത്തുള്ള മനുഷ്യൻ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. ഏതായാലും തുകലന്മാരെക്കൊണ്ട് അന്നുള്ളവർക്ക് വളരെ ഉപകാരമുണ്ടായിരുന്നു. അവരുടെ വ്യാപാരവൈഷമ്യത്തെ ലഘൂകരിച്ചത് ആ തോലന്മാർ തന്നെയായിരുന്നു. തോലന്മാർക്കും ക്രയവിക്രയം ചെയ്യുവാൻ സാമർത്ഥ്യമുണ്ടെന്നു പറഞ്ഞാൽ മുതലാളികൾക്കു വിശ്വാസം തോന്നുകയില്ലായിരിക്കും. കൈയിലൊതുക്കി കൈകാര്യം ചെയ്യുവാനുള്ള വണക്കവും ഇണക്കവും അനുസരിച്ച് അവർക്കും വിലയും ക്ലിപ്തപ്പെടുത്തിയിരുന്നു. ക്രയവിക്രയവിക്രമം കുറഞ്ഞവരെ തോലന്മാരെന്ൻ ഇന്നു വിളിക്കുന്നത്‌, ഞങ്ങളുടെ കുടുംബത്തോടുള്ള കൃതഘ്നകൊണ്ടല്ല, കൃതജ്ഞതകൊണ്ടായിരിക്കണം. എന്നാൽ അന്നത്തെ അന്വർത്ഥനാമം ഇന്നത്തെ അനർത്ഥനാമമായി. മനുഷ്യശബ്ദംതന്നെ അന്വർത്ഥമായല്ലല്ലോ ഇന്ന് ഇരിക്കുന്നത്!

ഏതായാലും പരിഷ്കാരോന്മുഖാനായ – പരിവർത്തനപ്രിയനായ – മനുഷ്യനോടുള്ള സമ്പർക്കം നിമിത്തം നാണയകുടുംബപ്രകൃതിക്കു ക്രമേണ മാറ്റം സംഭവിച്ചു. തുകൽ സുലഭമായിത്തീർന്നതുകൊണ്ടോ അതോ മാംസംകൊണ്ടും മതിയാകാതെ തുകൽകൂടി മനുഷ്യൻ ഭക്ഷിച്ചുതുടങ്ങിയതുകൊണ്ടോ എന്തോ, തുകൽനാണയം ഉപേക്ഷിക്കപ്പെട്ടു.

ഭൂമുഖത്തു വളരുന്നതും വളരാത്തതുമായ വസ്തുക്കൾ സ്വന്തമാക്കിയിട്ടും മനുഷ്യർക്കു തൃപ്തിയായില്ല. ഭൂമുഖം കണ്ടു ഭ്രമിച്ച അവർ ഭൂമുഖത്തേക്കു ചുഴിഞ്ഞുനോക്കി. അവിടെ ചില ദുർലഭസാധനങ്ങൾ കണ്ടുമുട്ടി. സുലഭവസ്തുക്കൾക്കു പ്രിയം കുറയുന്നതുകൊണ്ട്, അസുലഭവസ്തുക്കൾ ശേഖരിച്ചു കൈകാര്യം ചെയ്യണമെന്ന് അവർ തീർച്ചപ്പെടുത്തി. കണ്ടുകിട്ടിയ ലോഹങ്ങളിൽ തിളക്കവും വിളക്കവും ഉള്ളവയെമാത്രം പ്രത്യേകമെടുത്തു. തുരുമ്പും കറയും ഉള്ളവയ്ക്കു കരിയും ചെളിയും തന്നെ എന്നും ആധാരം. ചുമപ്പും വെളുപ്പുമുള്ളവർക്കേ അന്നും സ്ഥാനമുള്ളൂ. ആ സ്ഥിതിക്കു കറുമ്പന്മാരോട് ഇന്നുള്ളവർ അറപ്പു കാണിക്കുന്നതിൽ എന്താണ് കുറവ്?

മനുഷ്യർ ലോഹവുമായി വലിയ ലോഹ്യമായി. തിളക്കവും വിളക്കവും ഉള്ളവയ്ക്കു നിലയും വിലയും കല്പിച്ചു. അതായത്, ലോകത്തിൽ ജാതി സൃഷ്‌ടിച്ച മനുഷ്യൻ ലോഹത്തിലും ജാതി സൃഷ്ടിച്ചു. ചെമ്പിനു മീതേ വെള്ളിയും, വെള്ളിക്കു മീതേ സ്വർണ്ണവും, അങ്ങനെ അട്ടിയട്ടിയായി അടുക്കിവെച്ചു മനുഷ്യതൃഷ്ണ അടക്കുവാൻ ശ്രമിച്ചു. ഞങ്ങളെ മുഴുവൻ കൈവശപ്പെടുത്തി. മനുഷ്യരുടെ തൃഷ്ണയ്ക്കുണ്ടോ അതിരുള്ളൂ?

എത്തും പിടിയും കിട്ടിയാലും മനുഷ്യർക്കു തൃപ്തിയില്ല. പിടിച്ചാലും വളച്ചാലും അവരുടെ ദുര ഒതുങ്ങുകയില്ല. 'വട്ടത്തി'ലാക്കിയേ വിടൂ എന്ന്