താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/169

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
'തകരൂ! തകരൂ!'


ജനിത്തൈവല്ലിയിൽ വിടർന്ന വെള്ളിപ്പൂക്കൾ
വിജനപ്രദേശത്തും വാരൊളി വിതറവേ;
അവയെപ്പുണർന്നെത്തും കൊച്ചന്തിക്കുളിർത്തെന്ന-
ലമലസ്നേഹത്തിന്റെ സന്ദേശം പരത്തവേ;
തകരും താപത്താൽത്തൻ തൂലികയെറിഞ്ഞിട്ടി-
ക്കവിയെന്തേവമേന്തിക്കരവൂ സഗദ്ഗദം?

പൂർണമായില്ലാ കഷ്ടം! സായാഹ്നരാഗത്തിനാൽ
വാർണീഷുപിടിപ്പിച്ചൊരെൻ ചിത്രമതിൻമുമ്പേ,
ഭാവനാലോകം വിട്ടു കീഴ്പോട്ടു പതിച്ചൊരെൻ-
തൂവലു ദൂരത്തെങ്കിലെന്തതിൽ തെറ്റാണാവോ?
പകലാം വെള്ളത്താളിൽപ്പകർത്തിക്കഴിയാത്ത
പല പാഠവുമുണ്ടെൻ ജീവിതഗ്രന്ഥത്തിങ്കൽ;
എഴുതിത്തീർക്കാത്തൊരിച്ചിത്രവും കളയാം കൈ
വഴുതിക്കുതിച്ചൊരാപ്പൈങ്കിളി പോയാൽ പോട്ടെ;
ശരി,യെന്നാലും മുന്നിൽ നില്ക്കുമീ രജനിക്കും
ശിരസ്സിൽ വരയ്ക്കുണ്ടോ വല്ലതുമൊരു മാറ്റം?
കഴിയും കമനീയമാകുമീ രംഗമിപ്പോൾ
പൊഴിയാൻ കണ്ണീരുള്ളോർ സജ്ജരാകുകിൽപ്പോരും!

സത്യസൗന്ദര്യങ്ങൾതൻ സന്ദേശകാരൻ തന്റെ
ശുദ്ധമാനസം വീഴ്ത്തും കണ്ണീരുതാനാം കാവ്യം;