താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/189

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുബന്ധം 1

അന്ത്യസന്ദേശം

ഞാൻ ഒന്നുറങ്ങിയിട്ടു ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാൻ അശക്തനാണ്. ഒരു കർമധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറുവാനാണു ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കമാത്രമാണു ചെയ്യുന്നത്.

എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണു തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്‌.

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്കു നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാർഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്‌. മനസാ, വാചാ, കർമണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും, നിരപരാധിത്വത്തിന്റെമേൽ പതിക്കരുതേ!

എനിക്കു പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി.

കൂപ്പുകൈ!


21-11-1111
കൊല്ലം ഇടപ്പള്ളി രാഘവൻപിള്ള


(ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് എഴുതിയ അവസാനത്തെ കത്ത്)