<poem> ഓമൽസത്വപ്രബലതയൊടും വിദ്രുമശ്രീ വിളങ്ങി- ക്കാമം നന്മുത്തരുളി വനഭാസ്സൊത്തു വർത്തിക്കമൂലം ആമന്നിന്നില്ലണുവുമുദധിച്ചേർച്ചയെന്നാലുമെന്നും ധീമദ്വൃന്ദം നിയതമതതിൽക്കണ്ടിടുന്നുണ്ടു നിത്യം 25
ചേണാർന്നേവം വിലസുമവിടം വിട്ടു മുന്നോട്ടു ചെന്നാൽ
കാണാം കാഴ്ചയ്ക്കരിയ തിരുവല്ലാഖ്യ കൈക്കൊണ്ട ദേശം;
ആണായുള്ളോർക്കധിവസതിയായഗ്ര്യമാം കേരളത്തിൽ
തൂണായുള്ളോരതിനു ശരിയായ് ദൂരെയും രാജ്യമില്ല. 26
പത്തിൽകൂടുന്നവരെയവനംചെയ്യുവോ,രെത്ര ഘോരാ-
പത്തിൽപ്പോലും പുകൾ പുലരുവോർ, വീരലക്ഷ്മീകുചത്തെ
പത്തിക്കീററാൽപ്പരിലസിതമാക്കീടുവോ,രീടുവായ്പോർ,
പത്തില്ലത്തിൻ പതികളവിടെ പാർത്തിടുന്നുണ്ടു വിപ്രർ. 27
മൂന്നാൾ വിപ്രക്ഷിതിദയിതനാം ഭാർഗവൻ വീണ്ടെടുത്തോ-
രിന്നാട്ടിങ്കല്ദ്ധരണിസുരർതാൻ ക്ഷത്രവൃത്തിക്കു യോഗ്യർ;
എന്നാലോചിച്ചവരെയവിടെബ്ഭൂപരാക്കിച്ചമച്ചോ-
രന്നാലാസ്യന്നിയലുമുചിതജ്ഞത്വമത്യന്തരമ്യം. 28
തെക്കുങ്കൂറെന്നഭിധകലുന്നോരു ചാരുത്വമേറും
ദിക്കുണ്ടങ്ങേപ്പുറമതുഭവദ്ദൃഷ്ടിസന്തുഷ്ടിനല്കും;
മൂക്കും നൂനം മുളകുകൊടിതൻ മൂലമന്നാട്ടിൽ മുറ്റും
മൂക്കും ചിത്തം മുഴുവനെവനും മൂൽപയോരാശിതന്നിൽ. 29
അന്താപേതം പരധരണിഭൃൽപക്ഷവിച്ഛേദമേകി-
സ്സന്താനംപൂണ്ടഖിലസുമനസ്സേവ്യനാ,യപ്രദേശം
വന്താപം തീർത്തുലകിനു,ജയന്തന്റെകൂട്ടാർന്നു നിത്യം
ഹന്താത്യന്തം ഗുരുധിഷണനാം ഭൂമഹേന്ദ്രൻ ഭരിപ്പൂ. 30
മാറാതേറ്റം മഹിമയെഴുമദ്ദിക്കു വിട്ടാൽ വടക്കും-
കൂറാം നാട്ടിൽ പതികൾ കുതുകംകൂട്ടുമുൾത്തട്ടിലാർക്കും:
ആറാം ശത്രുക്ഷതജമെഴുമപ്പൂരിനും ശോണിതത്തിൽ-
ക്കൂറാർന്നീടും കുലഗിരിസുതാകാമുകൻ കാവലല്ലോ. 31
ദീനർക്കായിദ്ദിനമനു നീജസ്വത്തു സീപാളിവച്ചി-
ട്ടാനത്തോൽമു, ണ്ടരവണി, വിഷക്കാപ്പി, ഭിക്ഷാന്ന, മേവം
ഊനം ചേരും നിലയിൽ മുടിയാറായ വയ്ക്കത്തുദേവൻ
സാനന്ദം, തേ സചിവ! സതതം സാധു സാധിക്കുമിഷ്ടം. 32
ശ്രീവത്സക്കോപ്പ, രവണയുമാർന്നാശു, വൈകുണ്ഠമോടും
കൈവന്നന്നപ്പടകൾ നിതരാം മാനസപ്പൊയ്കയോടും,
ആ വന്മുക്താവലിയൊടുകലർന്നർണ്ണവത്തോടുമൊക്കും
ശൈവക്ഷേത്രം ഭൂവനവിദിതം വയ്‌ക്കമിന്നാർക്കു വർണ്യം? 33
ഭക്തക്കൂട്ടം വിഭവമൊടു വന്നെത്തുമദ്ദിക്കിലെന്നും
ഭക്തക്കൂട്ടം വിഭവമൊടൊടുങ്ങുന്നതോർക്കുന്ന നേരം