ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാതുള്ളോരഴലെരി പൊരിത്തീയിൽ വീണോരെനിക്കി-
ന്നാറായ് നില്ക്കുന്നതു മിഴി പൊഴിപ്പോരു കണ്ണീരു മാത്രം.        71

ചൊല്ലേറിടും ഫലമുതകുമാറെന്റെ സന്താനമദ്ധ്യേ
കില്ലേശീടാതരുളിന ഗുണം തഞ്ചുമീയഞ്ചു പിഞ്ചും
ചൊല്ലേണ്ടൊന്നും ശിവശിവ! ശഠൻ പൂമകൻതൻകടുങ്കൈ-
ക്കല്ലേറേൽക്കെക്കരുമനയിലാപ്പെട്ടു ഞെട്ടറ്റു വീണു.        72

ശേഷിച്ചുള്ളാസ്സുതനെ നെടുമങ്ങാട്ടുകൊട്ടാരമെത്തി-
പ്പോഷിപ്പിക്കാനിവൾ തുടരവേ, നമ്മൾതൻ നന്മതത്തെ
ദ്വേഷിച്ചിടും മുകിലനൊരുവൻ ദിഗ്ജയത്തിന്നു കൊട്ടി-
ഗ്ഘോഷിച്ചേറെബ്ബലമിരുതരം പൂണ്ടൊരുമ്പെട്ടണഞ്ഞാൻ.        73

എൻ നാടെല്ലാമവനു വശമായ്ത്തീർത്തു ധൂർത്തൻ തരത്തി-
നെന്നാരോമൽസഹജസുതയെത്തന്നെയും ബന്ദിയാക്കി;
എന്നാലാവില്ലിതിനു പകരം വീട്ടുവാൻ, കാട്ടുതീതൻ
സന്നാഹത്തെക്കരിമുകിലുപോൽത്തോടു നിർത്തുന്നതുണ്ടോ?        74

എന്നാലാംമട്ടവനൊടു സമാധാനമോരോന്നുരച്ചേ-
നെന്നാലെന്താശ്രമമൊരടവീരോദനംപോലെ തീർന്നു;
എൻനാവിന്നും ക്ലമമധികമായ്; വെട്ടുപോത്തോടു വേദം
ചൊന്നാലുണ്ടോ ഫല,മതുടനേ കേറി മാറിന്നു പായും.        75

മുന്നേ ദുഷ്ടൻ, പ്രതിഭടനൊരാൾ കീഴടക്കാനടുക്കാ-
തിന്നേരത്തിൽ ബലിതനയനോടൊത്തൊരൗദ്ധത്യമുള്ളോൻ,
പിന്നേടം വൻകൊതിയിളയിലും പെണ്ണിലും പൂണ്ടിടുന്നോ-
നെന്നേ! കാര്യം വിഷമമിവനെങ്ങെത്തുമോർത്താൽ വിവേകം?        76

കൊള്ളേണം ചെറ്റലിവബലയിൽ,ക്കാലിൽ മുള്ളൊന്നു കൊണ്ടാൽ
മുള്ളേ പറ്റു ദൃഢമതു പുറത്താക്കുവാനെന്നപോലെ
ഭള്ളേറുന്നോരിവനെയുടനേ ഭാനുമൽസൂനുദിക്കിൽ-
ത്തള്ളേണം; ഹാ! ശഠനൊടുചിതം ശാഠ്യമെന്നാപ്തവാക്യം.        77

ഞാനോ, ബാലൻ മമ തനയനോ, പണ്ടുപണ്ടേ തുടങ്ങി-
സ്ഥാനോച്ചത്വം കലരുമൊരു മൽഗോത്രമോ, ശാത്രവാഗ്നേ-
ഈ നോക്കെല്ലാം മമത സമമായ് വേണ്ടൊരീ വഞ്ചിരാജ്യം-
താനോ രാജൻ! തവ കരുണതൻ പാത്രമല്ലാത്തതിപ്പോൾ?        78

ആണായാര്യപ്രഥിതമതസന്മന്ദിരം താങ്ങിനില്ക്കും
തൂണായ് രാജർഷഭപദവി കൈക്കൊണ്ടിരിക്കും ഭവാനെ
താണാലംബിച്ചമരുമൊരു ഞാൻ ധന്യയല്ലോ; ചകോരി-
ക്കേണാങ്കൻതന്നുദയസമയം പട്ടിണിക്കോ ഭവിപ്പൂ?        79

ദേവന്മാരും പശുനികരവും വിപ്രരും കൂടിയൊന്നായ്-
ദ്ദാവത്തീപോലെരിയുമഴലിൽപ്പെട്ടു ശിഷ്ടൻ ഭവാനെ
ഹാ! വന്നീടാൻ പലവഴി വിളിക്കുന്നു; കേൾക്കുന്നതില്ലേ?
ഹേ! വന്ദ്യാത്മൻ! നിയതമവർതൻ നാവുതാൻ കേവലം ഞാൻ.        80

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/123&oldid=172769" എന്ന താളിൽനിന്ന് ശേഖരിച്ചത്