അനാഥനാമടിയനനാസ്ഥയെന്നിയേ
വിനാ ഭയം വിമതവിനാശനത്തിനായ്
അനാമയേ! തുനിവതനാരതം ഘനാ-
ഘനാഭ നിന്നുടയ ഘനാനുകമ്പതാൻ. 61
കരാളദോർദ്ധൃതകരവാളികേ! മനോ-
ഹരാളകേ! മമ നൃപവംശപാലികേ!
ഒരാളുമില്ലൊരു തുണ ഹേ! കൃപാസരോ-
മരാളികേ! കനിയുക ഭദ്രകാളികേ!" 62
ഇവണ്ണമബ്ഭഗവതിയെ സ്തുതിച്ചിളാ-
ധവൻ മഹാബലനിധി മന്ത്രിയുക്തനായ്
ജവത്തൊടും നിജ പുരിവിട്ടു രാജ്ഞിതൻ
ശിവത്തിനായ്‌ത്തദവനിതന്നിലെത്തിനാൻ. 63
വേഗാതിരേകമൊടു വൈരിഭടാസുപങ്‌ക്തി-
ക്കാഗാമിയായ വിലയത്തെ വിളിച്ചു ചൊല്ലി
നാഗാരി കീഴുലകിലെന്നകണക്കു ഗാംഭീ-
ര്യാഗാരമാം നൃപതി ദക്ഷിണദിക്കിലെത്തി. 64
തൽക്കാലമുൾക്കുളിരെഴും ക്ഷിതിഭർത്ത്രിചെയ്യും
സൽക്കാരമേൽപതിനുകൂടിയുമൊട്ടുനേരം
നിൽക്കാതെ പോരിനു നൃപാലകമൗലി ഹൃത്തിൽ
ചിൽക്കാതലാംകമലാഭനെയോർത്തിറങ്ങി. 65
ആ നന്ദനന്ദനനെഴും കുഴലൂത്തു കേട്ടി-
ട്ടാനന്ദമാർന്നരികിലെത്തിന ഗോപർപോലെ
മാനത്തിൽ മന്നനുടെ ശംഖൊലി കേട്ടു പൗരർ
ദീനത്വമറ്റവനു ചുറ്റുമനഞ്ഞുകൂടി. 66
നൂനം നടുക്കൊരു കനൽപ്പൊരി വീണിടുമ്പോൾ
വേനൽക്കു കാഞ്ഞ വിപിനം മുഴുവൻ ദഹിക്കും;
ഊനംവെടിഞ്ഞു നൃവരാഗമമക്കണക്കി-
ലാ നല്ല പൗരരെ രണോൽസുകരാക്കിയെങ്ങും. 67
ആ രാജഭക്തി കരളിൽപ്പെരുകുന്ന നായ-
ന്മാരാകെയന്നിമിഷമേ തദുപാന്തമെത്തി
പോരാടിടുന്നതിനു സജ്ജതപൂണ്ടു നിന്നു;
വൈരാകരഷ്ടഗൃഹർ മാത്രമകന്നു വാണു. 68
മറ്റുള്ള കൂട്ടരുമൊരുങ്ങി മുറയ്ക്കവർക്കു
പറ്റുന്ന മുട്ടരിയെ വെന്നിള വീണ്ടെടുപ്പാൻ
മുറ്റും കുതൂഹലമൊടെത്തി; നരർഷഭന്റെ
ചുറ്റും ക്ഷണത്തിലൊരു വൻപടയങ്ങു വാച്ചു. 69
ആ രാജവര്യസചിവാഗമനം നിമിത്തം
പാരാതെയന്നു മുകിലന്നു ഭയം വളർന്നു,
താൾ:ഉമാകേരളം.djvu/131
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല