ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അടവിൽ നിജ കരസ്ഥമാക്കുവാനോ
പടനിലമെത്തി നിനയ്പതിന്നു മുന്നേ?        79

എതിരിൽ വരുമരിക്കു തൻ‌ഖുരത്താൽ
ക്ഷതിയരുളി, ക്കടുഹേഷിതച്ഛലത്താൽ
കുതിരകൾ യജമാനർ കാഴ്ചകണ്ടാൽ
മതി, യവ പോരിനു പോരു, മെന്നുരച്ചു.        80

അശനിസമശഹാഭിഘാതമേറ്റ—
റ്റശരണമാം പിണമായ യോധദേഹം
ഭൃശമിളയൊടു ചേർപ്പതിന്നു വജ്ര—
പ്പശയുടെ ലീല, യതിൽനിണം വഹിച്ചു.        81

പരിസരഭുവി വീണ യോധനെത്തൽ
കരികരശീകരശീതളോപചാരം
ശരിയവരെയരുളിത്തളർച്ച മാറ്റി—
ത്തിരിയെ രണത്തിനു ശക്തനാക്കി നിർത്തി.        82

അപരനു കരി കർണ്ണതാലവൃന്തം
കൃപയിലിളക്കി, യസുക്കൾ നൽകിയപ്പോൾ
ത്രപയൊടു കുചശാടി നാകകൂർ‌മ്മ—
പ്രപദകൾ വീണതു വീണ്ടുമിട്ടു മാറിൽ.        83

പരമൊരുവനു തന്റെ മെയ്യുയർത്തി—
ദ്വരദവരൻ ബലമോടെറിഞ്ഞനേരം
സുരയുവതികൾതൻ മുഖങ്ങൾ കാണ്മാൻ
തരമുളവായി മരിപ്പതിന്നുമുന്നേ.        84

പരനവനിയെയോ സമജ്ഞയെയോ
വിരവൊടു പുൽകിടുവാൻ തരപ്പെടാതെ
ദ്വിരദരദനിവിഷ്ടനായ്ത്ത്രിശങ്കു—
സ്മരണമിയന്നു നടുക്കു ബുദ്ധിമുട്ടി.        85

പരിചൊടു ഭരവീരർ കാർമ്മുകത്തെ—
പ്പുരികമൊടൊത്തു വള, ച്ചതിങ്കൽനിന്നും
അരിതനുവിലയയ്ക്കുമ, മ്പവർക്കു—
ള്ളരിയ മിഴിക്കു സമാനമായ്, ച്ചുവന്നു.        86

ഇട ശകലമില്ലാതെ വില്ലിൽനിന്നു-—
ക്കുടയ നിഷംഗികൾ വിട്ടിടും ശരൌഘം
അടവൊടുമിരുകൈനിലയ്ക്കു തമ്മിൽ
ഘടനമിയറ്റിന കമ്പിപോലെ തോന്നി.        87

ശരമിഷുധിയിൽനിന്നെടുപ്പതും തൽ‌—
പരമതു വില്ലിലണയ്പതും ധരിപ്പാൻ
പരനയനമശക്തമായ് പ്രയോഗ—
ത്വരയിൽ, മഹാത്ഭുതജാലവിദ്യയിൽപ്പോൽ.        88

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/141&oldid=172789" എന്ന താളിൽനിന്ന് ശേഖരിച്ചത്