ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഇരുവശവുമിളച്ചിടാതിവണ്ണം തെരുതെരെ യോധരെയാജിദേവതയ്ക്കായ് തിരുതകൃതിയിൽ മത്സരിച്ചു തമ്മിൽ- ക്കുരുതികൊടുത്തു ഭടഗ്ര്യർ ഘോരഘോരം.        108


എരിയുമൊരു കടുത്ത കാട്ടുതീയിൽ- ക്കരിയിലകൾക്കുസമം രണാങ്കണത്തിൽ കരിഹയരഥപത്തിയുക്തസൈന്യം വരിവരിയായ് വളരെപ്പതിച്ചൊടുങ്ങി.        109


കൊടിയൊരു പടയിത്തരത്തിലെത്തും- പിടിയുമെഴാതെ കുറേക്കഴിഞ്ഞശേഷം ഇടിവു പുരളിതൻപതിക്കു പറ്റും- പടി ചില കാഴ്ചകൾ കാണുവാൻ തുടങ്ങി.        110


അധികമകമുലഞ്ഞു ശക്തി പോരാ- ഞ്ഞധിസമരാവനി നിന്ന തൻബലത്തെ വിധിവിധുരത പാർത്തുമബ്ബലാംഭോ- നിധി നൃവരൻ വ്യസനംപെടാതെ കണ്ടു.        111


വെടിയുടലിനു പറ്റിടാതെ മുന്നിൽ- ച്ചൊടിയൊടു ചാടിന കാട്ടുപോത്തുപോലെ ഞൊടിയിടയിലിളാധിപന്റെ നേരേ പടിമപെടും മുകിലൻ കുതിച്ചിടുന്നു.        112


അശനിഹൃദയനാമവന്റെ പാതി- ശ്ശശധരചിഹ്നമിയന്ന വൈജയന്തി ഭൃശമരിയുടെയർദ്ധകീർത്തിയെത്തൻ വശഗതമാക്കിയപോലെ മിന്നിടുന്നു.        113


പിടിമുതൽ മുനയോളവും നിണത്തിൽ ഝടിതി കുളിപ്പിനാശപൂണ്ട ഖഡ്ഗം തടിയവനിളക്കിടുന്നു മേന്മേൽ- ക്കൊടിയൊരു പേയുടെ നീണ്ട നാക്കുപോലെ        114


മഴയിലണയടിച്ചുടച്ചു പായും പുഴയൊടു തുല്യമവന്റെ ഘോരസൈന്യം അഴകിലെതിരിടുന്നു മുന്നിൽമുന്നിൽ- ക്കഴലുകൾ വെച്ചു; തടുക്കുവോൻ പരേതൻ.        115


ദവദഹനനെ നേർക്കു കണ്ടു പിന്നിൽ- ജ്ജവമൊടു മാറുമിളംമൃഗാളിപോലെ അവനെയരികിലന്നു നോക്കിയയ്യോ! നൃവരബലം പുറകോട്ടു നീങ്ങിടുന്നു.        116

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/144&oldid=172792" എന്ന താളിൽനിന്ന് ശേഖരിച്ചത്