<poem> ചൂഴിക്കാണ്മൊരു ഭടർ ചുറ്റുപാടുമെന്മേൽ വീഴിക്കുന്നളവുടൽ വിണ്ടു കീറിടുന്നു 57
വല്ലാതെൻ തല തിരിയുന്നു; കണ്ണു മങ്ങീ-
ട്ടെല്ലാം കൂരിരുളിൽ മറഞ്ഞു മാഞ്ഞിടുന്നൂ;
അല്ലാവേ! മതിമതി ജീവനോടെയെന്നെ-
ക്കൊല്ലായ്കെ'ന്നവനുരചെയ്തു താഴെ വീണു. 58
ആണും താൻ ശിവശിവ! പെണ്ണുമല്ല, ശുദ്ധം
തൂണും തോറ്റിടുമൊരനക്കമറ്റ മട്ടിൽ
കാണുമ്പോൾക്കറ കലരുന്ന കൂട്ടർ കൂടി-
ക്കേണുംകൊണ്ടരികിൽ വരുംവിധം കിടന്നു. 59
ആയിപ്പോയ് കഥ, മുകിലൻ പെരുത്തൊരത്തൽ-
ത്തീയിൽ തന്നുടലെരിചെയ്തുവെന്നു കാണ്മോർ
സ്ഥായിക്കോർപ്പളവിലിലെക്ട്രിസിറ്റി മെയ്യിൽ-
പ്പായിച്ചാൽപ്പടിയെഴുനേറ്റു പാപി വീണ്ടും. 60
മോഹത്താൽക്കുരുവിജയത്തിനോർത്തുപത്മ-
വ്യൂഹത്തിൽ കയറിന പാർത്ഥപുത്രനെപ്പോൽ
ദേഹത്തെശ്ശമനനുഴിഞ്ഞുവയ്ക്കിലും സ-
ന്ദേഹംവിട്ടവനെഴുനേറ്റതെന്തിനാവോ 61
രണ്ടസ്സൽച്ചുരിക വിളങ്ങിടുന്ന തൻ കൈ-
ത്തണ്ടമ്പിൽത്തെരുതെരെയോങ്ങി രണ്ടു പാടും,
തുണ്ടംവച്ചരികളെ, നേർക്കു തോക്കുവിട്ടോ-
രുണ്ടക്കൊത്തുടനൊരു പാച്ചിൽ പാഞ്ഞു വീരൻ. 62
യന്താവിൻ മൃതതനു കൊമ്പിലേറ്റി മണ്ടും
വന്താദൃക്പ്രതിഭയമത്തയൂഥനാഥൻ
എന്താക്കും നില പഥിക,ർക്കതിന്റെ മട്ടിൽ
സന്താപം രിപുപൃതനയ്ക്കവൻ വളർത്തി. 63
വാട്ടം വിട്ടലറി വരുന്നവൻ നിണക്കെ-
ട്ടാട്ടത്തിൽച്ചെറിയ കിടാങ്ങളിൽക്കണക്കെ
ഓട്ടംപൂണ്ടെതിരിലണഞ്ഞിടും മുസൽമാൻ
കൂട്ടത്തോടരികളിലേകി രോമഹർഷം. 64
വെട്ടീടും ചുരികകൾ വീശിയുള്ളമാർക്കും
മട്ടീടും ബലമിയലും മഹമ്മദീയൻ
പൊട്ടീടും കനൽമലതൻ പ്രവാഹമാടൽ-
പ്പെട്ടീടുംപടി തടവറ്റു നേർക്കു പാഞ്ഞു. 65
പേരമ്പും ഗരിതഹയത്തിലിന്ദ്രജാല-
ക്കാരൻ പാഞ്ഞിടുകിലതത്ഭുതപ്പെടാതെ
ആരമ്പോ! തടയു,മതിൻകണക്കു കാണ്മോർ
വീരൻ പോം, വിരുതു മിഴിച്ചു നോക്കിനിന്നു. 66