ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇളംകുളുർകാറ്റളകവ്രജത്തെയി-
ട്ടിളക്കുമാസ്സുനരിമാർക്കെഴും മുഖം
മിളദ്ദ്വിരേഫാംബുജശങ്കയാർക്കുമുൾ-
ക്കളത്തിലുണ്ടാക്കി വിളങ്ങി വാപിയിൽ.       23

മുടിക്കു നൽപ്പിച്ചകമാലതാനു,മ-
പ്പടിക്കു കണ്ഠത്തിനു മുത്തുമാലയും,
വെടിഞ്ഞനേരത്തുമിണങ്ങി പൊയ്കയിൽ-
ത്തടില്ലതാംഗിക്കുദബിന്ദുരൂപമായ്.       24

ചിരിച്ചു നല്ലാർകൾ തുടിച്ചു നീന്തവേ
തെറിച്ച നീർത്തുള്ളികളശ്രുരീതിയിൽ
സ്ഫുരിച്ചു തദ്വക്‌ത്രപരാഭവാൽ നിറ-
പ്പിരിച്ചിലേൽക്കും കമലങ്ങളിൽത്തദാ.       25

ഒരുത്തി കാന്താനനശങ്കയാൽ പ്രിയം
പെരുത്തു ചുംബിച്ചൊരു താമരയ്ക്കകം
ഇരുന്ന വണ്ടാത്തരളാക്ഷിതൻ മുഖ-
ത്തൊരുമ്മവച്ചാനരവിന്ദബുദ്ധിയാൽ.       26

വരോരുവാമന്യ ജലത്തിലാണ്ട തൻ
ശിരോരുഹം ക,ണ്ടസിതാഹിശങ്കയാൽ
സരോവരത്തിൽസ്സഖികൾക്കു മുന്നിലും
വിരോധമില്ലാതെ പുണർന്നു കാന്തനെ.       27

ഒരംഗനാമൗലി കരങ്ങൾ നീട്ടി നിർ-
ഭരം പൃഥുശ്രോണിയിളക്കി, നീന്തവേ
തരത്തിൽ നോക്കിസ്സഖിമാർ ചിരിക്കയാൽ
പരന്ന നാണത്തൊടു നീറ്റിൽ മുങ്ങിനാൾ.       28

മുലയ്ക്കുമേൽ മുന്നിരവിൽശ്ശശപ്ലുതം
നിനച്ചതന്യാംഗന, രക്തചന്ദനം
ജലത്തിൽ മായ്ക്കുന്നതിനോർമ്മവിട്ടതായ്,
സലജ്ജമോമൽസ്സഖിമാരെടോതിനാൾ.       29

ദിനങ്ങൾ തോറും പ്രിയരൊത്തു വാണിടും
മനസ്വിനീമൗലികുലത്തിനിത്തരം
അനല്പമന്തിക്കെഴുമംബുകേളി താ-
നനർഘവാജീകരണപ്രകാണ്ഡമായ്.       30

വരിഷ്ഠനാം വഞ്ചിനൃപൻ തമിസ്രയിൽ-
ശ്ശരിക്കു തൻ സൗധമണഞ്ഞു നിദ്രയെ
ഒരിക്കലാശിച്ചുകിടന്നു, തന്വിയെ
സ്മരിച്ചു സങ്കേതമണഞ്ഞ കാമിപോൽ.       31

അടുത്തു ധൂമം കിളരുന്നതഗ്ഗുണം
പെടുന്ന മന്നന്നുടനക്ഷിലക്ഷ്യമായ്

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/16&oldid=203359" എന്ന താളിൽനിന്ന് ശേഖരിച്ചത്