ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരിചിൽപ്പെടുന്ന ചലനം കഥിക്കവേ
ഹരിണേക്ഷണയ്ക്കു വരുമത്തൽ മാഞ്ഞുപോയ്.        76

ഉയരത്തിൽനിന്നുമസിപൂണ്ട കൈയോടും
ഭയശങ്കകൾക്കു വശമാം മനസ്സൊടും
രയമാർന്നണഞ്ഞൊരവർ കണ്ട കാഴ്ച ഞാൻ-
ജയ ശൈലനന്ദിനി!----കഥിപ്പതെങ്ങനെ?        77

അതിഘോരമാകുമൊരവസ്ഥ കാണുവാൻ
മതികൊണ്ടുറച്ചു മുറിയിൽക്കടക്കവേ
അതിനല്ല നേത്രമമൃതാബ്ധിയിൽക്കുളി-
പ്പതിനാണു ഭാഗ്യ,മവർ ധന്യരല്ലയോ?        78

കഥമെന്നു ചൊൽവതിനു മുന്നമത്ഭുതം
കഥ തീർന്നുപോയ ഖലനേയു,മായവർ
കഥനീയകാന്തി സതിയേയു,മാ നില-
യ്ക്കഥ കണ്ടു കണ്ണുകൾ തിരുമ്മി നോക്കിനാർ.        79

നിരയത്തിലെത്തിയതിനുള്ളിൽ വാഴുവാ-
നരയും മുറയ്ക്കു തലയും മുറുക്കുവോൻ
പരമാം പദം തരുവതിന്നു മുന്നിലായ്
മുരമാഥി നില്ക്കിലതു വിശ്വസിക്കുമോ?        80

ഇരുകൺ തുടച്ചു സചിവൻ മുറിക്കക-
ത്തരുളും സുമാംഗിയെയുമാര്യമന്ത്രിയെ
രുരുനേത്രയാളു,മവരെശ്ശരിക്കു മ-
റ്റിരുപേരു,മപ്പൊഴുതിലുറ്റു നോക്കിനാർ.        81

അവളേവളെന്നു തനുകാന്തി ചൊൽകിലും
നൃവരാഗ്ര്യഹൂണവിചികിത്സയെദ്‌ദൃഢം
അവർതന്നനൂനവദനപ്രസാദവും
നവമോദബാഷ്പവുമകറ്റിയാകവേ.        82

ഒരു വാക്കുപോലുമനുയായിമാരൊടോ
തരുണീസമൂഹമണിയുന്ന മുത്തൊടോ
അരുളാൻ രസജ്ഞയുയരാതെ കണ്ണുനീർ
പെരുകിച്ചുനിന്നു സചിവൻ കൃതാർത്ഥനായ്.        83

കരുണാപയോധി കമലാധവന്റെ കാൽ
കരുതുന്ന മന്ത്രിയുടെ കൈയിൽനിന്നുടൻ
ഒരുവായ വാളുമതുപോലെ ഹൃത്തിൽനി-
ന്നുരുകുന്ന മാലുമകലെത്തെറിച്ചുപോയ്.        84

നെടുവീർപ്പു, പുഞ്ചിരി, വിയർപ്പിവയ്ക്കു കീഴ്-
പ്പെടുമാനനത്തൊടുമിളക്കമെന്നിയേ
പടുമന്ത്രി ചെറ്റു കരുണീയബോധമ-
റ്റിടുമുള്ളമോടുമവിടത്തിൽ നിന്നുപോയ്.        85

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/162&oldid=172812" എന്ന താളിൽനിന്ന് ശേഖരിച്ചത്