ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദ്വിതീയമാം ഖാണ്ഡവമെന്നപോലെയാ-
ക്ഷിതീശ്വരൻ‌തന്റെ മനോജ്‌ഞമന്ദിരം
അതീവമോദത്തൊടു ഭക്ഷ്യമാക്കിനാൻ
സുതീവ്രകർമ്മാക്കളിലഗ്ര്യനാം ശിഖി.       42

വലത്തുകൈ വാളു,മിടത്തുകൈ കനം
കലർന്നിടും പന്തവു, മേന്തി നിർഭരം
കലങ്ങുമുള്ളൊത്ത നൃപന്നുമുന്നിൽ നി-
ശ്‌ചലൻ പുമാനെത്തിയൊരുത്തനക്ഷണം.       43

ക്ഷമാപനമ്മട്ടരികത്തു ചെല്ലുവോ-
നമാത്യനെക്കണ്ടു കടുത്ത വാക്കുകൾ
ക്രമാൽക്കഥിച്ചാൻ; ക്രുധതന്നെ ചിത്തവി-
ഭ്രമാദിമൂലം ബത ! മർത്ത്യനൂഴിയിൽ.       44

അരേ ദുരാത്‌മൻ! മതി, നില്ലുനില്ലു നീ
ചിരേച്‌ഛ സാധിച്ചു കൃതാർത്ഥനായിതോ ?
വരേണ്യമാമിത്തൊഴിലിന്നു വല്ലതും
തരേണമല്ലോ തവ പാരിതോഷികം !       45

നിനക്കു നേരാരു കൃതഘ്‌നർ മന്നിൽ? നിൻ
മനസ്സു ഹാലാഹലമെന്നു കണ്ടു ഞാൻ;
കനത്തതാം മൂടുപടത്തെയും കുറേ
ദ്ദിനങ്ങളാൽക്കാലമരുത്തു മാറ്റിടും.       46

ചരക്കു വേണ്ടില്ല, വിലയ്‌ക്കു പോകു,മി-
ത്തരത്തിലെൻ മാളിക ചാമ്പലാക്കുവാൻ
പരർക്കുമുൾക്കട്ടി വരില്ല; ഭൂമിയിൽ
പരം ഭവാനേ കലികാലപുരുഷൻ!       47

നലത്തൊടും പാലു കൊടുത്തു പാമ്പിനെ-
പ്പുലർത്തി വക്ഷസ്സൊടണയ്‌ക്കിലപ്‌ഫണി
കൊലയ്‌ക്കു കോപ്പിട്ടു കടിക്കയില്ലയോ ?
ഖലർക്കെഴും നന്ദിയുമിക്കണക്കുതാൻ.       48

ദരിക്കു കൊമ്പാലുടവേകിയോടിടും
കരി,ക്കതാളും ഹരികണ്ടെതിർക്കുകിൽ,
ഇരിക്കുമല്ലോ ഭയ, മാർക്കു മോഷണം
ശരിക്കുഷസ്സോളവുമെന്നുമൊത്തിടും ?       49

തുറന്നു ദൈവം മമ ദൃ,ക്കിനിബ്‌ഭവാൻ
പന്നുപോകാൻ പണി; ഖഡ്‌ഗവിദ്യ ഞാൻ
മറന്നതി,ല്ലാജിതുലയ്‌ക്കു മേലതിൽ-
ത്തിറം നമുക്കാർക്കതു തൂക്കിനോക്കണം.       50

കളഞ്ഞു തൊണ്ടിച്ചുടുപന്ത, മത്ര നീ
മിളദ്രസം വന്നു, കരാസിധാരയാൽ,

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/18&oldid=203890" എന്ന താളിൽനിന്ന് ശേഖരിച്ചത്