ഗതിവേഗമാർന്നു ദവവഹ്നിസമം
കുതികൊണ്ടു ചുറ്റുമടവിക്കകമേ, 61
ഭടസിംഹനാദമുയരുന്നതു കേ-
ട്ടടരിന്നു തുല്യരിപുവെത്തിയതായ്
സ്ഫുടമോർത്തുണർന്നു മുകില്പോലലറി-
സ്സടയും കുടഞ്ഞു നിലയായി ഹരി. 62
പ്രലയാബ്ധിപോലെ ഭടവര്യർ കട-
ന്നലറുന്നതിന്നതൊരു മാറ്റൊലിയായ്;
നിലവിട്ടു രണ്ടുമൊരുപോലെ ഭയം
കുലയാനകൾക്കുതകുവാൻ മതിയായ്. 63
വെളിയുള്ളു രണ്ടുവശവും രിപുവിൻ
വിളികേട്ടു ഖേയമിരു കൊമ്പുകളാൽ
വെളിവിൽക്കുഴി,ച്ചതിൽ മദാംബു നിറ-
ച്ചൊളിയാതെ ദന്തി നിലയായ് പുറകിൽ. 64
തലപൊക്കിനിന്നു, തടി നീട്ടി,യിടം-
വലമക്ഷി തീപ്പൊരി പൊഴിച്ചലറി
ഉലകത്തിൽമെയ്യുടയ രൗദ്രരസം
തുലയാം പടിക്കു നിലയായി നരി. 65
പുലി, പൂച്ച, പാമ്പു, പുഴു, വൻ കിടി, ചു-
ണ്ടെലി, കാട്ടുപോത്തു, മുയൽ, സിംഹി, പശു,
കലികൊണ്ട ഹൃത്തിലിതുപോൽക്കരുതി-
ബ്ബലിയാം നൃപന്റെ ഭടർ പാഞ്ഞു ജവാൽ. 66
ചലപക്ഷി സർപ്പ മൃഗസങ്കുലമാം
നിലകോലുമാറു ഭടരാ വിപിനം
ബലമോടുണർത്തി വിളിയാൽ ത്വരിതം
മലയാൽസ്സുരാസുരർ മഹോദധിപോൽ. 67
വലകെട്ടിടുന്നു മറവാ,ർന്നരവാൾ-
ത്തലക്കാട്ടിടുന്നു, ധനു തക്കതുപോൽ
കുലയേറ്റിടുന്നു, വെടിവച്ചിടുവാൻ
നിലതേടിടുന്നു, നൃവരന്റെ ഭടർ. 68
വെടി, കുന്ത, മീട്ടി, കണ, വി,ല്ലരവാ,-
ളടി, വെട്ടു, തല്ലു, കൊടു, കെട്ടു, പിടി;
കിടി,യാന, പോത്തു, കടുവാ, പുലി,യി-
പ്പടിയുച്ചരിച്ചു പല വാക്കുമവർ. 69
ചതിയുള്ള മാനുഷനുമന്തമണയ്-
പതിൽ മേന്മ കോലുമവർ നേർവഴിയേ
ഗതിയാർന്നിടും മൃഗതതിക്കു ജവാൽ
ക്ഷതി നൽകിയെങ്കിലതൊരത്ഭുതമോ? 70
താൾ:ഉമാകേരളം.djvu/183
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു