പിളർക്കുകെൻ മാറിടമോ യശസ്സുഖം
വളർത്തിടും വാനിനെഴും കവാടമോ ? 51
ഇവണ്ണമോതും പ്രതിഘാരുണാക്ഷനാ-
മവന്യധീശാഗ്രണിതൻ പുരോഭുവി
വിവർണ്ണനായ്‌ച്ചേഷ്‌ടവെടിഞ്ഞു തുണുപോ-
ലവൻ ക്ഷണം നിന്നനിലയ്‌ക്കു നിന്നുപോയ്. 52
മനസ്സിലാകാത്തൊരു ഭാഷ കേട്ടപോൽ
മനസ്വിയാം മന്ത്രിമുഖത്തെവച്ചുടൻ
അനന്തബാഷ്‌പം മഴപോലെ വാർത്തുകൊ-
ണ്ടനന്തതൻ നാഥനൊടേവമോതിനാൻ. 53
ഭൂവി ക്ഷമാധീശരണിഞ്ഞ ഹീരമേ !
ചെവിക്കിടിത്തിയിതു സഹ്യമല്ല മേ;
രവിക്കു ചിന്തിക്കിലനുരു ശത്രുവായ്
ഭവിക്കുമോ ? മാരുതി രാമവൈരിയോ? 54
മൂധാ തവാശങ്ക; ഭവാനു ദാസനായ്
പ്രധാനമന്ത്രിത്വമിയന്ന സാധു ഞാൻ
വിധാത്യദത്തം വരമാർന്ന മത്തനാം
സൂധാശനാരാതി വൃകന്നു തുല്യനോ ? 55
ശരിക്കു ദുര്യോഗവിളക്കിലേഷണി-
ത്തിരിക്കു കത്താനിട തെല്ലു കിട്ടുകിൽ
തെരിക്കനേ സ്നേഹവിനാശമൊത്തിടാ-
തിരിക്കുവാനില്ലൊരു മാർഗ്ഗമേവനും. 56
കടന്നു കർണ്ണംവഴി കണ്ണിൽ മണ്ണിടാൻ
തുടങ്ങുമീയേഷണി ലേശമേക്കുവോൻ
സ്‌ഫുടം നശിക്കും ചിതൽതിന്ന കാതൽപോൽ;
ചടങ്ങിനൊക്കും ഫലമാർക്കുമൂഴിയിൽ. 57
പുരയ്‌ക്കു തീവച്ചൊരു ചെമ്പഴന്തിതൻ
കരത്തിൽ നിന്നൂരിയെടുത്ത പന്തവും
പരം തദംഗത്തിലണച്ച വാളുമെൻ
നരപ്രഭോ ! കാൺക; കറുക്കുമോ ഹിമം ? 58
ശിതാഗ്രമാം വാളിതെടുത്തു ദാസനെ-
പ്പിതാവൊടൊക്കും തിരുമേനിയിച്‌ഛപോൽ
കൃതാപരാധത്വമിരിക്കിലിപ്പൊഴേ
കൃതാന്തഗേഹത്തിനയച്ചുകൊള്ളണം. 59
ഇവണ്ണമോരോ മൊഴി ഗൽഗദത്തൊടാ
ന്യവര്യനോടോതി, യരാതിജീവിതം
കവർന്ന വാളും ചുടുപന്തവും വെടി-
ഞ്ഞവൻ നിലത്താശു മയങ്ങിവീണുപോയ്. 60
താൾ:ഉമാകേരളം.djvu/19
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു