തെരുതെരെയകലെപ്പോയെന്നതിൽച്ചിത്രമെന്താ-
ണിരുളുമിനനുമുണ്ടോ പേർത്തുമേകത്ര നിൽപ്പൂ? 40
വെളിയിലടരടങ്ങിപ്പൗരരസ്ത്രം ത്യജിക്കെ-
ത്തെളിവൊടതിനു തക്കം പാർത്തു സൗധത്തിലെത്തി
നളിനവിശിഖനിക്ഷുത്തോക്കിൽ നിന്നെപ്പൊഴും പു-
നളികഗുളികതൂകിദ്ദിഗ് ജയം ചെയ്തു രാവിൽ. 41
വിരുതിലരികുലത്തെശ് ശൃംഖലാബന്ധനം ചെയ്-
രുളിന നിജ കാന്തൻ സന്നിധൗ വന്നിടുമ്പോൾ
ഒരുവൾ മനഭിഖ്യാമാലകൊണ്ടും പരം മെ-
യ്യിരുഭൂജലതകൊണ്ടും കട്ടിയായ്ക്കെട്ടിയിട്ടാൾ. 42
അരികളമരുമോരോ ശൈലശൃംഖങ്ങളും വെ-
ന്നരിയൊരു പുകളേന്തും ധന്യസൈന്യാധിപന്മാർ
അരിവയറിൽ വിളങ്ങും ശൈലശൃംഗങ്ങളും പോയി-
പ്പരിചിനൊടു പിടിച്ചാർ തജ്ജയം പൂർത്തിയാവാൻ 43
ഗതി ചെറുതു വിളംബിച്ചീടവേ പാടവാൽ തൻ
മതിമുഖിയരുളീടും പാദസന്താഡനത്തെ
ക്ഷിതിയിലതിവികാസം പൂണ്ടുനില്പോരശോക-
സ്ഥിതി കരഗതമാവാൻ മാർഗ്ഗമായ് കണ്ടു കാമി. 44
പ്രണയകലഹമാർന്നോരന്യവാമാംഗി ഭർത്താ-
വണയുമളവു മെയ്യിൽപ്പെയ്ത ഗണ്ഡുഷതോയം
ക്ഷണമവനു തനിക്കായ് ക്കാമസാമ്രാജ്യമേകും
ഗുണമെഴുമഭിഷേകാംഭസ്സൂപോൽ തോന്നി ഹൃത്തിൽ. 45
മലയപവനനാലും മങ്കമാർതൻ കടാക്ഷാ-
മലതരസുധയാലും മന്ദഹാസത്തിനാലും
മലർമടുമൊഴിയാലും മാന്യയോധർക്കു മന്ദം
മലയൊളിമുലയാലും മാറി മാലാകമാനം. 46
പടനടുവിലെഴും തൻ വിക്രമപ്രക്രമത്തെ-
പ്പിടമൃഗമിഴിയാൾ കേട്ടൊന്നു ശീർഷം കുലുക്കി
സ്ഫുടമൊരു മൃദുഹാസം തൂകവേ പാരിനെല്ലാ-
മുടയവനവനെന്നായ്ത്തോന്നി കാന്തന്നു ഹൃത്തിൽ. 47
വളരെ വളരെ നാളായ്ക്കാത്തു കാത്തക്ഷിപൂത്തോ-
രിളമൃഗമിഴിമാർതൻ മഞ്ചവും നെഞ്ചുമൊപ്പം
കളരുചി കളിയാടും കാന്തർതൻ മേനി കണ്ടോ-
രളവിലവിരളാമോദത്തൊടൊത്തുല്ലസിച്ചു. 48
അതിമതികുതുകം പൂണ്ടന്തിനേരം ത്രിയാമാ-
പതിയുടെ വരവോർത്തും പാട്ടുപാടിക്കളിച്ചും
പുതിയ ചെടി നനച്ചും പൂക്കൾ നീളെപ്പറിച്ചും
മതിമുഖികൾ വസിച്ചാർ മഞ്ജുകുഞ്ജാന്തരത്തിൽ. 49
താൾ:ഉമാകേരളം.djvu/192
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു