ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അടിമലരിണവേണം താങ്ങുവാൻ മറ്റൊരേട-
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം.        78

സതി! കനിവിനൊടും പെറ്റെന്നെയിന്നേവരയ്ക്കും
പതിവിനഴലശേഷം മാറ്റി നീ പോറ്റിയല്ലോ;
ഇതിനു പകരമെന്താം? നിന്റെ കാര്യത്തിലെങ്കൽ
ക്ഷിതിയിലനിശമമ്മേ! നിൽക്കുമക്രീതദാസ്യം.        79

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൗലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!        80

കുടിലകചകളേവം പാട്ടു പാടിക്കളിക്കും-
പടി പരമസുഖാബ്ധിക്കുള്ളിലുള്ളൊക്കെ മുക്കി
വടിവു കുടിയിരിക്കും വഞ്ചിയാകുന്ന നല്ലാർ-
മുടിമണിയെ രമിപ്പിച്ചക്ഷിതിക്ഷിത്തു വാണു.        81

ശ്രീരാമവൃത്തമെഴുതും ശുകഗാനമാക്കി,
ശ്രീരാമതുല്യമുലകിൽ ഭരണം നടത്തും,
ആ രാജവര്യനിവ രണ്ടിനുമൊത്തു യോഗ-
മാരാലിണങ്ങിയതു ഭാർഗ്ഗവഭൂമിഭാഗ്യം.        82

മതി പറവതു, പേർത്തും കേരളത്തിന്റെ വർമ്മ-
സ്ഥിതി വരികനിമിത്തം നാമമന്വർത്ഥമാക്കി
പുതിയ പുകൾ പുലർത്തും പുണ്യമുൾക്കൊണ്ട വഞ്ചീ-
ക്ഷിതിയുടെ കമിതാവന്നാടു പാടേ ഭരിച്ചാൻ.        83

പതിനെട്ടാം സർഗ്ഗം സമാപ്തം



പത്തൊൻപതാം സർഗ്ഗം


എമ്പാടുമഷ്ടാലയവർണ്ണനത്തിനാൽ
വൻപാപമാർജ്ജിച്ച മദീയ തൂലികേ!
അൻപാർന്നു നീ വാഴ്ത്തുക രാജപുത്രിയും
തമ്പാനുമായുള്ള വിവാഹമംഗലം        1

ഓരോതരം വിഘ്നമിയന്നു മന്ത്രിയും
താരോമനത്തയ്യലുമങ്ങിമിങ്ങുമായ്
സുരോഡുനാഥാഗ്ര്യകഖോപമാനരായ്
ഹാ! രോദനം ചെയ്തു ദിനങ്ങൾ പോക്കിനാർ        2

വേനല്ക്കു പിൻപേ മഴയും കുഴിക്കുമേ-
ലീ നമ്മൾ കുന്നും പതിവിന്നു കാണുവോർ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/196&oldid=153771" എന്ന താളിൽനിന്ന് ശേഖരിച്ചത്