ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നായ് നിനയ്ക്കേണ്ടൊരു വസ്തുവെത്രതാൻ
നന്നാകിലും നന്മയതിന്നു കൂട്ടിടാം;
ഒന്നാന്തരം പാലിനു പഞ്ചസാര ചേർ-
ത്തെന്നാലതിൻ സ്വാദുതയേറുകില്ലയോ?        70

വ്യവഹാരവായ്പാർന്ന കവീന്ദ്രർ ചെയ്യുവോ-
രാഹാര്യനൈസർഗ്ഗികഭംഗിയോജനം
നീഹാരശൈത്യം ഹൃദി നൽകിടാത്തതാർ-
ക്കാഹാ തരംചേർന്ന ചരിത്രനോവൽപോൽ.        71

ആമട്ടു വൈദഗ്ദ്ധ്യമെഴും വയസ്യമാർ
പൂമഞ്ജുഗാത്രം ചമയിച്ച സുന്ദരി
കാമം ജയിച്ചാൾ കലിതാനുഭാവനാം
കാമന്നു കമ്രോത്സവവൈജയന്തിയായ്.        72

കുട്ടിക്കുരംഗാക്ഷി ചമഞ്ഞു നിന്നിടും
മട്ടിൽത്തദാസ്യം മുകുരത്തിൽ നോക്കവേ
തട്ടിക്കളഞ്ഞിട്ടുമതിങ്കൽനിന്നുടൻ
പൊട്ടിപ്പുറപ്പെട്ടു മൃദുസ്മിതാങ്കുരം.        73

മാരൻറെ ചേതഃകുമുദപ്രബോധനം,
സൈരന്ധ്രിമാർതൻ പ്രമദാബ്ധിവർദ്ധനം,
ഈ രണ്ടിനും കാരണമാം സ്മിതേന്ദുവ-
സ്സാരംഗനേത്രയ്ക്ക് നവീനഹാരമായ്‌.        74

ആത്താനുമോദപ്രസരാ൦ബുരാശിമേൽ-
ക്കൂത്താടുമുള്ളിൽക്കുയിൽവാണിമാർമണി
അത്താമരാക്ഷന്നുമുമയ്ക്കുമാർന്നിടും
കാൽത്താർനിറുത്തിത്തൊഴുതാൾ വിനീതയായ്‌.        75

എന്നിട്ടു പിന്നെസ്സുമുഹൂർത്തവേളയിൽ-
പ്പൊന്നിൻനിറം പൂണ്ടൊരു പൂവൽമേനിയാൾ,
തന്നിഷ്ടമാരായ വയസ്യമാരുമാ-
യോന്നിച്ചു വൈവാഹികശാല പൂകിനാൾ.        76

ശ്രീവഞ്ചിഭൂഭർത്ത്രി തദാത്മജൻ യുവ
ക്ഷ്മാവല്ലഭൻ മന്ത്രിവരിഷ്ഠനാം വരൻ
ദൈവജ്ഞർ വിപ്രോത്തമർ പൗരർ നാട്ടുകാ-
രീവണ്ണമേറെജ്ജനമങ്ങു മേവിനാർ.        77

ശ്രീമൽക്കവാടംവഴി കണ്ണയച്ചുകൊ
ണ്ടാമർത്യർ വാഴുംപൊളവർക്കു മുന്നിലായ്
പൂമഞ്ജുമെയ്യാൾ മുറിയിൽക്കരേറിനാൾ
സോമൻറെ മൂന്നാംപിറ വാനിലെന്നപോൽ.        78

പേരാർന്ന ലന്തശ്ശരറാന്തലിൻ നിരയ്-
ക്കാരാൽപ്പകൽ ദീപഫലം വരുത്തിയും
നേരായ്‌ത്തനുശ്രീ ലയമേകിലും മണീ-
വാരാഭയാൽ കാഞ്ചനഭൂഷ കാട്ടിയും.        79

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/204&oldid=172857" എന്ന താളിൽനിന്ന് ശേഖരിച്ചത്