ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹന്താതിമാത്രം ക്ഷമയേന്തിടും ഭവാ‌—
ന്നെന്താതനെപ്പോലെപരാധിയില്ലൊരാൾ;
എന്താണു ഞാൻ കാട്ടുവ, തുപ്പുചേർന്ന പാ—
ലെന്താകിലും തീർച്ച പിരിഞ്ഞുപോയിടും.        110

എന്നെക്കുറിച്ചേവനുമെത്രശങ്കയാ—
ണെന്നെന്റെ നാവാലുരചെയ്യുവാൻ പണി;
എന്നെത്യജിപ്പാനറിയിച്ചിടുന്നു ഞാൻ;
പിന്നെ പ്രമാണം പ്രിയചിത്തവൃത്തിതാൻ.’        111

എന്നോതിയച്ഛൻ മരണക്കിടക്കയിൽ—
ത്തന്നോടുരപ്പാനരുൾ ചെയ്തയാജ്ഞയും
പൊന്നോമനക്കൊങ്കയിലശ്രുവാർത്തുകൊ—
ണ്ടന്നോഷധീശാനന ചൊല്ലിനിർത്തിനാൾ.        112

നിർമ്മായമാവാക്കുകൾ കേട്ടു വഞ്ചിഭൂ—
ശർമ്മാവലംബം സചിവൻ സ്മിതത്തൊടും
ഭർമ്മാംഗിതൻ മുഗ്ദ്ധമുഖം മുകർന്നതിൻ
ഘർമ്മാശ്രുബിന്ദുക്കൾ തുടച്ചു ചൊല്ലിനാൻ:        113

‘പോരും വിഷാദിച്ചതു ജീവനാഡി! നീ
കാരുണ്യമുണ്ടായ്ക്കരയാതിരിക്കണേ!
ഭീരുക്കളിൽ ധീരതയെത്ര വായ്ക്കിലും
ഭീരുക്കൾതാനായവർ; സമ്മതിച്ചു ഞാൻ.        114

ചേണുറ്റ വഞ്ചിക്കരിബാധ തീർക്കയാ—
ലാണുങ്ങൾ നേടാത്തൊരു പുണ്യമോമനേ!
വേണുംപടിക്കാണ്ട നിനക്കു കല്മഷം
കാണുന്നവൻ തേനിനു കയ്പു കണ്ടിടും.        115

ഇക്കുത്സിതൻ ഞാനെവിടെക്കിടപ്പൂ? നീ
നിൽ‌ക്കുന്നതെ, ങ്ങോർക്കിൽ നമുക്കു സത്യമായ്
തെക്കും വടക്കും പെടുമദ്‌ധ്രുവങ്ങളോ—
ടൊക്കുന്നതാമന്തരമുണ്ടു തങ്കമേ!        116

നാരിക്കു നേരായ്പ്പുരുഷന്നു നന്മയി—
പ്പാരിൽ ഭവിപ്പാൻ പണിയെന്ന വാസ്തവം
ആരിൽ കാണാതെ? കളഞ്ഞ രാമനോ
പേരിന്നുമാളുന്നു പൊറുത്ത സീതയോ?        117

നിന്നച്ഛനെന്താണപരാധ, മമ്മഹാ—
നെന്നച്ഛനെക്കാളുമെനിക്കു വേണ്ടവൻ;
എൻനന്ദി നീർത്തുള്ളി; അദംഗഖിലബ്ധമാം
വന്നന്മ ദുഗ്ദ്ധാംബുധി; ഭീമമെൻ‌കടം.        118

ഞാനല്ലയോ പാപി? വിപത്തിനാൽ‌പ്പരം
ഭുനത്വമേന്തീടിന നിന്നെയേകയായ്
താനന്നു വിട്ടോടിയ, തെന്നോടൊപ്പകായ്
ഹാ നന്ദികേടാർന്നവനേവനൂഴിയിൽ?        119

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/208&oldid=172861" എന്ന താളിൽനിന്ന് ശേഖരിച്ചത്