ഉരഗവനിത പെറ്റോരണ്ഡമെന്നോർത്തു ഹാഹാ!
കരതലഗതചിന്താരത്നമബ്ധ്യന്തരത്തിൽ
വിരവിലെറിയുമുർവ്വീകാന്തനും ഭ്രാന്തനെപ്പോൽ-
പ്പരജനപരിഹാസത്തിനു പാത്രീഭവിച്ചു. 99
മൂന്നാം സർഗ്ഗം
നിഷ്കാരണം മന്ത്രിയെ മന്നനേവം
മുഷ്കാണ്ടിരിപ്പോൻ വിനയത്തിനെപ്പോൽ
നിഷ്കാസനംചെയ്തു വിളിച്ചു ഹേമ-
നിഷ്കാഭയാം പുത്രിയെയന്തികത്തിൽ. 1
ആലോകനീയാകൃതി പൂണ്ടു മിന്നു-
മാലോലദൃക്കപ്പൊഴുതാളിമാരാൽ
ചേലോലുമസ്സ്വർവനിതാഗണത്താൽ
പൗലോമിപോലാവൃതയായിരുന്നു. 2
ഓരോ വിനോദങ്ങൾ കഥിച്ചു മുഗ്ദ്ധ-
സ്മേരോഡുപാഭാനനയായ്ത്തദാനീം
ആരോമലാൾ വാണു; മഴയ്ക്കു മുൻപു
നേരോർക്കിൽ വെയ്‌ലിന്നൊളി കൂടുമല്ലൊ. 3
ജീവന്നു നേരാം സചിവന്റെ വൃത്തം
സ്ത്രീവര്യയോടാരുമുരച്ചിതില്ല;
പൂവൻപിലാളും പുതുപിച്ചകത്തെ-
ത്തീവച്ചെരിക്കുന്നതിനാർക്കു തോന്നും? 4
ആ മഞ്ജുവാണിക്കു നിമിത്തദോഷ-
സ്തോമം തദാ ദൃക്കിനു ലക്ഷ്യമായി;
ഓമൽശരൽജ്യൗത്സ്നിയിലംബരത്തിൽ
ഭീമത്വമാളും ഘനപങ്‌ക്തിപോലെ. 5
അത്തന്വിയാൾക്കന്നു വലത്തുകണ്ണു
ചിത്തത്തൊടൊന്നിച്ചിളകിത്തുടങ്ങി;
വൃത്തം കടുപ്പം! മിഴികൾക്കു കാഴ്ച
ഹൃത്തട്ടിൽ മുത്തെന്നവിധം കുറഞ്ഞു. 6
സ്ഥാനം പിഴച്ചന്നു നശിച്ചു ഭാഗ്യം
പീനസ്തനിക്കെന്നു കഥിച്ചു ഗൗളി;
ആനന്ദവായ്പിന്നതിരിട്ടു പൂച്ച
ദീനസ്വനം പൂണ്ടു കുറുക്കെയോടി. 7