ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക്കാമിനിക്കന്നു ശിവാരുതത്തേ-
ക്കേൾക്കായ്പരം ദുർവിധിഗർജിതംപോൽ;
ശ്രീക്കാസ്പദം കങ്കണമൂരിവീണു
പോക്കാർന്നിടും ലക്ഷ്മി കണക്കു മന്നിൽ.        8

ആതങ്കമോടിങ്ങനെ ദുർന്നിമിത്ത-
വ്രാതം കരിങ്കാറണിവേണി കാൺകെ
ഹാ! തങ്കനേർമേനിയിലശ്രുവീഴ്ത്തി
പ്രേതംകണക്കുൾച്ചൊടിയറ്റിരുന്നാൾ.        9

എന്തോ വരാൻപോവതു മേലിലെന്നായ്
ചിന്തോർമ്മിജാലത്തിൽ മനസ്സുമുങ്ങി
തൻതോഴിമാരോടുരിയാടൽവിട്ടു
പന്തോടെതിർക്കും മുലയാളിരുന്നാൾ.        10

ഹേ! തന്വി! നിന്നെ ക്ഷിതികാത്തിടും നിൻ
താതൻ വിളിക്കുന്നു ജവത്തിലെന്നായ്
സ്വാതന്ത്ര്യമോടേകനണഞ്ഞു കാല-
ദൂതൻ കണക്കോടിയടുത്തു ചെന്നാൻ.        11

പോ നീ വരാം ഞാൻ പിറകേ മുറയ്ക്കെ-
ന്നാനീലലോലാളകചൊന്നനേരം
ആനീതയാക്കുന്നതിനാജ്ഞയുണ്ടെ-
ന്നാ നീണ്ട ദണ്ഡേന്തിന ദൂതനോതി.        12

വന്നോഫലം ദുശ്ശകുനവ്രജത്തി-
ന്നെന്നോർത്തു തീയിൽത്തളിർപോലെ വാടി
പൊന്നോമലാ,ളെങ്കിലിതാ വരുന്നേ-
നെന്നോതിയദ്ദൂതനൊടൊത്തു പോയാൾ.        13

സ്മേരാനനം പൂണ്ട പിതാവിനെക്ക-
ണ്ടാരാമ തൻ ദുശ്ശകുനങ്ങളെല്ലാം
ആരാലുണർത്തുന്നതിനോർത്തു ചെന്നാ-
ളാരാലുമേ ഭാവിയദൃശ്യമല്ലോ.        14

തന്നാലയിൽ സ്വൈരമണഞ്ഞിടുമ്പോൾ
ചെന്നായെ നേരിട്ടിടുമാടുപോലെ
അന്നാരി രുട്ടാലധരം വിറയ്ക്കും
മന്നാളുവോനെബ്ഭയമാണ്ടു കണ്ടാൾ.        15

ആയംപെടും കോളിൽ വിശാലമാകും
കായല്ക്കകംപോലരിശത്തഴപ്പിൽ
ഭൂയസ്തരാം ഭൂപതി ദുർന്നിരീക്ഷ്യ-
ശ്രീയന്നു ഹാഹന്ത! വഹിച്ചിരുന്നു.        16

മോടിക്കനേകം സുഗുണങ്ങൾ കൂട്ടം
കൂടിക്കളിക്കുന്ന നൃപാശയത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/25&oldid=204883" എന്ന താളിൽനിന്ന് ശേഖരിച്ചത്