ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാടിക്കടുംക്രോധമണഞ്ഞു പുഷ്പ-
വാടിക്കകം മൂത്തകുരങ്ങുപോലെ.        17

വൻമാരിവിട്ടാലുമതിൻതണുപ്പു
പിന്മാറുകില്ലൂഴിയിലക്കണക്കേ
സന്മാന്യനാം മന്ത്രിയകന്നുമന്നാ
നന്മാനവൻതൻ ക്രുധ നീങ്ങിയില്ല.        18

ചൊന്നാനവൻ നന്ദിനിയോടു: 'കേൾക്ക,
നിൻനാഥനാകുന്നതിനോർത്ത തമ്പാൻ
ഇന്നാശു തോവാള കടന്നിടുന്നു;
തൻനാശബീജം തദകൃത്യമാർക്കും.        19

കുന്നിങ്കൽനിന്നാറുകണക്കു കണ്ണിൽ-
നിന്നിത്ഥമെന്തശ്രു പതിച്ചിടുന്നു?
പൊന്നിൻപതക്കത്തെയെടുത്തു പൊട്ട-
ക്കുന്നിക്കുരുത്താലിയിലാരു കോർക്കും?        20

പോകട്ടെ പു,ല്ലപ്പുരുഷൻ; നിനക്കു
പാകത്തിൽ ഞാൻ കാന്തനെ വേറെ നൽകാം;
വാകപ്പുതുത്താരിനു കള്ളിമുള്ളു
ശോകത്തിനല്ലാതെ സുഖത്തിനാമോ?        21

മച്ഛക്തിയെന്തെന്നറിയാതെ ശുദ്ധ-
തുച്ഛസ്വഭാവം തുടരൊല്ല കുഞ്ഞേ!
ഇച്ഛയ്ക്കു കൊല്ലും കൊലയും നടത്താ-
നച്ഛ,ന്നവൻ മന്നവനോർമ്മവേണം'        22

ഏവം കഥിച്ചൊട്ടു സമാശ്വസിച്ചാൻ
ഭൂവല്ലഭൻ ഭാരമിറക്കുവോൻപോൽ,
സ്ത്രീവർഗ്ഗമുത്തും പിളർമിന്നലേറ്റ
പൂവല്ലിപോൽ വാടി നിലത്തു വീണാൾ.        23

താപക്കൊടുംകാറ്റടിയേറ്റ കന്യാ-
ദീപത്തിനെത്തന്നുടെ മുന്നിൽനിന്നും
ഭൂപൻ വെളിക്കാക്കി; കൃപാംബുവാർക്കും
കോപക്കനൽക്കട്ടയിലാവിതന്നെ.        24

വ്യാധന്റെ ബാണം ഹൃദയത്തിലേറ്റു
ബോധം നശിക്കും ഹരിണിക്കു മുറ്റും
സാധർമ്മ്യമാർന്നീടിന തയ്യലാളെ-
സ്സൗധത്തിൽ‌വച്ചാളികൾ താങ്ങിവാങ്ങി.        25

ശീതോപചാരം ചിരമേറ്റനേരം
പ്രേതോപമാവസ്ഥയെ വിട്ടുനീങ്ങി
ശാതോദരീമുത്തെഴുന്നേറ്റു മന്ത്രി-
ക്കേതോ പുരാപുണ്യമിരിക്കമൂലം.        26

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/26&oldid=204948" എന്ന താളിൽനിന്ന് ശേഖരിച്ചത്