ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലേന്ദുഫാലേ വിധിവൈപരീത്യ-
ത്താലേതു കല്ലാലിലയാവതില്ല ?        36

കൊറ്റിന്നു പോക്കറ്റു വടക്കുനിന്ന്
തെറ്റിത്തെറിച്ചെത്തിയൊരെന്നെ മേന്മേൽ
പോറ്റി, കലാശത്തിലിളേശനേവം
പറ്റിച്ച പറ്റീശ്വര! രാമരാമ!        37

വയ്യാർക്കുമോതാൻ ! നൃപനുച്ചിവച്ച
കയ്യാൽക്കഴിച്ചാനുദകപ്രദാനം
തയ്യാകുമെൻ ജീവിതവല്ലിയോടോ
കയ്യാങ്കളിക്കേറ്റു വിപത്തടിത്തേ? (യുഗ്മകം)        38

നിഷ്കാരണം വഞ്ചിയിൽനിന്നുമെന്നെ
നിഷ്കാസനം ചെയ്ത നൃപൻ നിമിത്തം
ദുഷ്കാലദാവാഗ്നിയിലെന്നഭീഷ്ട -
ശുഷ്കാഗമത്തെ ചുടുചാമ്പലായി.        39

ചേലാളുവോരെൻ പുകൾവെള്ളിമേട
മേലാകവേ താർമഷി കോരിവീഴ്ത്തി
വേലാതിഗക്ഷേമസരിത്തു ദു:ഖ-
ഹാലാഹലാംഭോനിധിയാക്കി മന്നൻ.        40

ആഴത്തിലെൻ നെറ്റിയിലറ്റമെന്യേ
വീഴക്ഷരം ചേർത്ത വിരിഞ്ചനിപ്പോൾ
പാഴറ്റ പീയൂഷഘടം പിടുങ്ങി -
താഴത്തു തട്ടിച്ചിതറിക്കളഞ്ഞു.        41

പോകട്ടെ സർവസ്വമുണക്കുപുല്ലു!
നീ കൈക്കലായാൽ ജഗദീശ്വരൻ ഞാൻ ;
ഹാ കഷ്ട,മില്ലായ്‌‌കിൽ നിരർത്ഥമാകും
ലോകത്രയം നേടുകിലും ദരിദ്രൻ.        42

ഹേ, വഞ്ചിഭൂപാലകപുത്രി! നിന്നി-
ലേവം തഴയ്‌‌ക്കുന്ന മമാനുരാഗം
ദൈവം സഹിച്ചില്ല ; ലഭിച്ചിടാത്തൊ-
രാവസ്തുവിൽ കാംക്ഷ വിപന്നിദാനം.        43

എന്തിന്നതെല്ലാം പറയുന്ന, തറ്റു,
ചിന്തിക്കിൽ നമ്മൾക്കു പെടുന്ന ബന്ധം;
പന്തിക്കിതെൻ പൂർവജനുസ്സിൽ നട്ട
വൻതിന്മയാം വിത്തിനു കൊയ്ത്തുകാലം .        44

വേകുന്നൊരുൾത്തട്ടൊടു നിന്നെ വിട്ടു
പോകുന്നു ഞാനെങ്കിലുമോമലാളേ!
ചാകുന്നകാലംവരെ നിന്നഭിഖ്യ
തൂകുന്ന മേനിക്കതു പീഠമത്രേ.        45

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/28&oldid=205130" എന്ന താളിൽനിന്ന് ശേഖരിച്ചത്