ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടിത്തരം പല്ലുകടിച്ചു വല്ല
മട്ടിന്നുമോരോന്നവനോതിടുമ്പോൾ
വെട്ടിത്തുറന്നക്ഷിയിൽ നിന്നു സേതു
പൊട്ടിക്കുമാറ്റിൻപടി നീരുവാർന്നു.        46

ഭീ തങ്കുമുള്ളത്തോടു വർത്തമാനം
ഭൂതം ഭവിഷ്യത്തിവയോർത്തനേരം
മാതംഗയാനക്കുളവാം വികാര -
ഭൂതവ്രജം നാക്കു പിടിച്ചുതാഴ്ത്തി .        47

ചൊന്നാൾ പണിപ്പെട്ടവൾ വല്ലപാടു-
'മെൻനാഥ! ഞാനന്യസഹായമറ്റോൾ;
എന്നാൽ സഹിപ്പാനരുതീ വിയോഗ,-
മെന്നാളുമുണ്ടോ നിഴൽ വസ്തുവെന്യേ?        48

ശ്രീരാമനെബ്ഭൂസുത, പാണ്ഡുപുത്ര -
ന്മാരാമിളാനാഥരെ യാജ്ഞസേനി,
ധീരാഗ്ര്യനാകും നിഷധേശനെപ്പ-
ണ്ടാരാമവൈദർഭിയുമെന്തു ചെയ്തു ?        49

ആ മട്ടു ഞാനും പ്രിയനെത്തുടർന്നു
പോമാബ്ധിപാരത്തിലുമില്ല വാദം;
ഓമൽക്കഴൽത്താർ പണിയുന്നൊരെന്നെ
ദ്ധീമൻ, വെടിഞ്ഞാലതുഘോരപാപം. (യുഗ്മകം)        50

പങ്കം പെടാത്തോരു ഭവാനെയിദ്ദു-
ശ്ശങ്കക്കു ലാക്കാക്കി വലച്ച താതൻ
തങ്കത്തിനെപ്പിച്ചളയായ് മതിച്ചു
തൻകണ്ണു താൻതന്നെ പൊടിച്ചുവല്ലോ!        51

മാതാവിനെക്കണ്ടറിവില്ലെനിക്കു
ഹാ! താതനോ സാധു, തുണയ്‌‌ക്കു മന്നിൽ
ഏതാണൊരാൾ നാഥ! ഭവാൻ വെടിഞ്ഞാൽ?
ജേതാവുതാൻ ദുർവിധിയെന്തുചെയ്യാം?        52

ആറോടു പത്താകിൽ വയസ്സു നിന്നിൽ-
ക്കൂറോടു തമ്പാൻ മുറിനൽകുമെന്നായ്
മാറോടു ചേർത്തന്നു പിതാവു കണ്ണീ-
രാറോടുമാറോതിയതേവമായോ?        53

താരാഗണം തൊട്ടു ശശിക്കു താപം
തീരാൻ പദാർത്ഥങ്ങളനേകമുണ്ടാം;
ആ രാവിനും നാഥ! കുമുദ്വതിക്കു-
മാരാണൊരുത്തൻ തുണ തിങ്കളെന്യേ?        54

ധീയെന്നുമാർന്നോരവിടുന്നു നായർ
സ്ത്രീയെന്നു ചിന്തിക്കരു, തന്യനുള്ളം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/29&oldid=205175" എന്ന താളിൽനിന്ന് ശേഖരിച്ചത്