ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹ്രീയെന്നിയേ നൽകിലുടൻ നശിപ്പാ-
നീയെന്നെ ഞാൻ തന്നെ ശപിച്ചിടുന്നു.        55

കുഞ്ഞോർക്കിലീഞാൻ, പുകഴിൻ നിറത്താൽ
മഞ്ഞോടെതിർക്കുന്ന ഭവാൻ വെടിഞ്ഞാൽ,
നെഞ്ഞോടുതീചേർന്നുകഴിഞ്ഞു; പിന്നെ
നഞ്ഞോ തുണയ്പാൻ കയറോ പയസ്സോ?        56

എന്നോതിയശ്രുപ്പുഴയിൽക്കുളിച്ചു
തന്നോമനബ്ബാഹുലതായുഗത്തെ
അന്നോഷധീശാനന മന്ത്രിതന്റെ
മുന്നോട്ടുചായുന്ന കഴുത്തിലിട്ടു.        57

തൂക്കിന്നുമുൻപായ്‌‌ക്കൊലപാതകിക്കു
ലാക്കിന്നുകിട്ടുന്നൊരു സദ്യപോലെ
ഊക്കിന്നരങ്ങാം സചിവാഗ്രഗാമി -
ക്കാകന്യകാലിംഗനമന്നു തീർന്നു.        58

ഒന്നേ പുണർന്നുള്ളു വധൂപുമാന്മാ-
മന്നേരമന്യോന്യമനല്പരാഗം;
പിന്നേടമെന്തോ കഥ? മാനസത്തിൽ
വന്നേറിടും മാലൊടു മാറിനിന്നു.        59

ശ്രീതിങ്ങുമാ മങ്കയൊടൊത്തു വഞ്ചി-
ഭൂ തിട്ടമന്നാൾ വെടിവാൻ കഴിഞ്ഞും
ചെയ്തില്ലതൊന്നും ക്ഷിതിപാലമന്ത്രി;
നീതിജ്ഞർതൻ പദ്ധതിയേവമല്ലോ.        60

പേരാർന്നമന്ത്രിക്കെഴുമുൾക്കളത്തിൽ-
പ്പോരാടി രാഗത്തിനെ രാജഭക്തി
ആരാൽ ജയിക്കുന്നതു കണ്ടു പോവാ-
നാരാമ കണ്ണാലനുവാദമേകി.        61

നില്ലാതനന്താന്തമമാത്യഭാസ്വാൻ
വല്ലാതെ കൈവിട്ടു ഗമിച്ചിടുമ്പോൾ
ഉല്ലാസമപ്പത്‌‌മിനിതൻ മുഖത്തി-
ലില്ലാതെയായ്ത്തീർന്നതിലെന്തു ചിത്രം?        62

സ്നേഹം വഹിക്കാതെ നൃപാലകൻ ദുർ-
മ്മോഹത്തിനാൽ മന്ത്രിയെ നീക്കിയപ്പോൾ
ഹാഹന്ത! രാവിങ്കൽ വിളക്കുകെട്ട
ഗേഹം കണക്കായിതു വഞ്ചിരാജ്യം.        63

ഏകാകിയായ്പ്പോം സചിവന്നു സാഹ്യ-
മേകാനൊരാളില്ല വഴിക്കതോർത്തോ
വൈകാതെയത്തയ്യലകമ്പടിക്കു
ശോകാഢ്യമാം തൻ ഹൃദയത്തെ വിട്ടാൾ        64

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/30&oldid=205245" എന്ന താളിൽനിന്ന് ശേഖരിച്ചത്