കാന്താനനേന്ദുസ്മിത ചന്ദ്രഭാസ്സിൽ
നീന്താത്ത ദൃക്ചഞ്ചുപുടങ്ങളോടും
ഹന്താധികം ഭൂപസുതോചകോരി
സന്താപമന്നാളകതാരിലേന്തി 103
കോപത്തൊടഭ്രങ്ങൾ പൊഴിച്ച തോയ-
രോപങ്ങളേല്പാൻ പണിയാകമൂലം
താപവ്രജം മന്നിനകം വെടിഞ്ഞു
ഭൂപന്റെ പുത്രിക്കകമേ കടന്നോ? 104
ലോകാന്തരത്തിൽപ്പെടുവോർക്കുകൂടി-
ക്കൈകാൽവിറയ്ക്കുന്ന മഴദ്ദിനത്തിൽ
വൈകാതെയാബ്ബാലികതൻ മനസ്സിൽ-
ത്തീകായുവാൻതന്നെ കടന്നു കാമൻ 105
ധ്വാന്തം നിമിത്തം വഴിതെറ്റുപറ്റി
ക്ലാന്തത്വമുൾക്കൊണ്ടതു ഹേതുവാലോ
താൻതന്നെ കേഴുന്നളവിൽത്തുണയ്പാൻ
കാന്തയ്ക്കു നിദ്രാസഖി വന്നതില്ല? 106
പെണ്ണാകുമസ്സാധു നിമേഷമൊന്നു
വിണ്ണാളുവോർതൻ ശതവർഷമെന്നായ്
എണ്ണാൻ തുടർന്നാൾ;പരമെന്തു ഭൂത-
ക്കണ്ണാടിയോ മന്നിൽ വിയോഗദുഃഖം? 107
പ്രാണങ്ങളാം തന്വിയെ വിട്ടമൂലം
ഞാണറ്റവില്ലിന്റെ ശരിപ്പകർപ്പായ്
ക്ഷീണപ്രഭാവൻ സചിവപ്രധാനൻ
കേണങ്ങുമിങ്ങും നടകൊൾകയായി 108
ധാരാളമോരോവിധമുള്ള മാലിൽ
മാരാർത്തി കൂനിൽക്കുരുവെന്നപോലെ
പാരാതെ പൊങ്ങുമ്പൊഴമാത്യനാർന്ന
ഘോരാകുലത്വം പറയാവതല്ല 109
മേനിക്കുമുള്ളിന്നുമമന്ദദുഃഖ-
ഹാനിക്കു വേരായ മഹേന്ദ്രശൈലം
വാനിൽക്കുതിക്കും ശിഖരത്തൊടാരും
മാനിക്കുമാറങ്ങവനെന്നു കാണായ് 110
ഓർത്താനവൻ: 'നൂനമിതിങ്കലല്ലോ
പാർത്താധിപോക്കുന്നതു മാമുനീന്ദ്രർ
ആർത്താവനം ചെയ്യുമിളാഭൃദഗ്ര്യൻ
പേർത്താശ്രയിപ്പാനഖിലർക്കുമർഹൻ.' 111
വായ്ക്കും രസത്താൽത്തൊഴുവോർക്കഭീഷ്ടം
കായ്ക്കുന്ന സത്താം ഹരിചന്ദനത്തെ
താൾ:ഉമാകേരളം.djvu/35
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല