പോയ്ക്കുമ്പിടാനായ് മണിസാനുവൊക്കു-
മാക്കുംഭിനീഭൃത്തിലണഞ്ഞു തമ്പാൻ 112
തീരാതെവായ്പോരസമാധിതീർപ്പാ-
നാരാൽ സമാധിപ്രിയനായമാത്യൻ
പേരാളുമാ മാമലമേൽ വസിച്ചു
ധീരാഗ്രഗർക്കെങ്ങു വിപദ്വിഷാദം? 113
ആമട്ടവൻ വാഴ്വളവെത്തി കീർത്തി-
സ്തോമംപെടും ഹുണമഹർഷിയേകൻ
ഈ മന്നിൽ നാം സേവിയറെന്നു ചൊല്ലും
കേമന്റെ ശിഷ്യാഗ്രിമശിഷ്യശിഷ്യൻ 114
അടവിൽ സാത്വികഗുണമോ
സ്ഫുടമാം പാശ്ചാത്യകീർത്തിസമ്പത്തോ
ഉടലാർന്നപോലെ ശുഭ്രത
തടവും മെയ്പൂണ്ട ജെസ്യുവിറ്റ്സിദ്ധൻ (യുഗ്മകം)115
ചേതസ്സിനുള്ള വിമലത്വമകം നിറഞ്ഞു
ചൈതന്യമുറ്റു വെളിയിൽപ്പടരുന്നപോലെ
ശ്രീതങ്കിടും സ്ഫടികവും തൊഴുവോരവൻതൻ
പൂതത്വമാളുമുടൽ കാണ്മതു പൂർവപുണ്യം 116
പാലാഴിയിൽ പരിണതേന്ദു ശരത്തിലംശു-
മാലാകലാപമണിയിപ്പളവെന്നപോലെ
ചേലാർന്ന മന്ദഹസിതം നിജമാം വളർക്ഷ-
ശ്രീലാസ്യഭൂതനുവിൽ വെങ്കളിയിട്ടിടുന്നു 117
ആരാന്മഹേന്ദ്രഗിരിമേൽ പ്രഭുസന്നിധാന-
മാരാഞ്ഞണഞ്ഞിടുമൊരഭ്രമുകാന്തനെന്നോ
പാരാളുമീശനുടെ നന്മകൾ വാഴ്ത്തി വാനിൽ-
പ്പാരാതെ പോകുമൊരു പത്മജപുത്രനെന്നോ 118
തന്നിച്ഛപോലെ നയനത്തിനു ശൈത്യമാർക്കും
കുന്നിച്ചിടുന്ന ഘനസാരവിശേഷമെന്നോ
ഉന്നദ്രിമാം പരിമളം ദിവസാത്യയത്തിൽ
മന്നിൽ പരത്തുമൊരു പിച്ചകമാല്യമെന്നോ 119
നാളത്തിൽ നിന്നു വിടരും സിതപത്മമെന്നോ
മേളത്തിൽ മീട്ടിടുമൊരോമനവീണയെന്നോ
ക്ഷ്വേളംകുടിച്ച വിഭുവിൻ വരവാഹമെന്നോ
കോളറ്റുമിന്നുമതലാന്തികസിന്ധുവെന്നോ 120
ഏനശ്ശമിക്കുടയ ദിവ്യകുഠാരമെന്നോ
ദീനവ്രജത്തിനിയലും നിധികുംഭമെന്നോ
ആനന്ദവാരി നിറയുന്ന തടാകമെന്നോ
വാനത്തു മർത്യനണവാനൊരു കോണിയെന്നോ 121
താൾ:ഉമാകേരളം.djvu/36
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല