ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എൻ‌തോഴൻ‌തൻ ഭാഗിനേയന്റെ ചേത-
സ്സെന്തോതേണ്ടു? ചെന്നു വേണ്ടാത്ത ദിക്കിൽ.       71

നെല്ലും മോരും‌പോലെ പെൺ, നാടിവറ്റിൽ-
ച്ചെല്ലും മോഹം രണ്ടുമൊന്നിക്കയില്ല;
കല്ലും നഞ്ഞും ചേർന്നിടും മാനസത്താൽ-
ക്കൊല്ലും നല്ലാരാരെയും പാരിടത്തിൽ.       72

ഏതായാലും മാമനെക്കൊന്നൊരീ ഞാൻ
ധീതാവും തൽ ഭാഗിനേയന്നു ഹൃത്തിൽ
ഹാ! താപത്തെച്ചേർക്കുവാൻ തക്കതായോ-
രേതാവത്താം വാക്യമോതുന്നതില്ല.       73

അമ്മാവൻ തൻ‌മൃത്യുവോർത്തീ യുവാവിൻ
വൻമാൽ തീർപ്പാൻ ജീവനെസ്സന്ത്യജിച്ചും
നമ്മാലെന്തും ഹന്ത! കർത്തവ്യ,മെന്നാൽ
ബ്രഹ്മാവിന്നെന്തിച്ഛയെന്നാരറിഞ്ഞു?       74

എല്ലാം നേരേ പോയിടേണം; നടുക്കി
നല്ലാർ ചാടിക്കാര്യമല്പം കുഴച്ചു’
ഉല്ലാസം‌വിട്ടക്കഴയ്ക്കൂട്ടമേവം
ചൊല്ലാൻ‌മൂലം കണ്ടതില്ലന്യരാരും.       75

ചൊന്നാർ ഭീവിട്ടപ്പുമാന്മാർ സരോഷം;
‘നന്നായ് കാര്യം! മന്നവൻ ചാവതെന്നോ
അന്നാൾപ്പുത്രന്മാരൊടും റാണിയിബ്ഭൂ-
തൻ‌നാഥത്വം സ്വീകരിക്കട്ടെയെന്നോ?       76

ചൊല്ലാമെന്നാലെന്തിനമ്മന്നനെത്താൻ
കൊല്ലാനോർത്തീടുന്നു? ചുമ്മാതിരിക്കാം;
വല്ലായ്മയ്ക്കാം മദ്ധ്യവർത്തിത്വമെന്ന-
ങ്ങുല്ലാസം‌പൂണ്ടോതിയല്ലോ; മറന്നോ?       77

സ്ത്രീഹത്യയ്ക്കും ഭ്രൂണഹത്യയ്ക്കുമേതും
മോഹം‌വേണ്ടാ; രാജ്യവും വേണ്ട; പോട്ടേ;
ഗേഹംതോറും തെണ്ടിടാം ഭിക്ഷുവെപ്പോൽ;
ദേഹം‌പോയാൽ മോക്ഷവും കൈക്കലാവും       78

ധർമ്മം ഭർമ്മം രണ്ടുമൊന്നിച്ചു നേടാൻ
കർമ്മം നൂനം മന്നിലെല്ലാർക്കുമില്ല;
ശർമ്മത്തിങ്കൽ കാംക്ഷയില്ലായകകൊണ്ടോ
നർമ്മത്തിന്നോ ഞങ്ങളോടേവമോതി?.       79

പോരും പോരും! ഭീരുവിൽക്കുടിയേറ്റം
ഭീരുത്വം പൂണ്ടങ്ങുരച്ചോരു വാക്യം
ആരും കേൾപ്പാനില്ല; സായൂജ്യമിച്‌ഛി-
ച്ചൂരും പേരും ഞങ്ങൾ മാറ്റുന്നുമില്ല.       80

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/45&oldid=206592" എന്ന താളിൽനിന്ന് ശേഖരിച്ചത്