ശ്രീരാമന്നും ജാഹ്നവിക്കും കളങ്കം
ചേരാൻതക്കോരോമനക്കീർത്തിയോടും
സ്വാരാജ്യത്തിന്നേകനായ്പ്പോക;ഞങ്ങൾ-
ക്കീരാജ്യംതാൻ വേണ്ടതന്യേച്ഛയില്ല 81
കൈയും കെട്ടിദ്ധർമ്മവും പാർത്തിരുന്നാൽ
പയ്യും തുട്ടും നീക്കുവാനാവതല്ല;
ഈയുള്ളോരേദ്ധേനുവും കണ്ട വൃക്ഷ-
ത്തയ്യും പോറ്റി, ല്ലൂഴി വിണ്ണാകയില്ല 82
ഭ്രൂണത്രാണം ഹന്ത! നമ്മൾക്കകാല-
പ്രാണത്യാഗത്തിന്നു ഭൈഷജ്യരത്നം
ആണത്തം വിട്ടുള്ള വാക്യം ശ്രവിപ്പാൻ
തൂണല്ലല്ലോ ഞങ്ങ,ളെന്തോന്നു ചെയ്‌വൂ?" 83
എന്നും മറ്റും ദുഷ്ടർ ചൊല്ലുന്നതെക്കേ-
ട്ടന്നുദ്വേഗാലക്കഴയ്ക്കൂട്ടമോതി:
'എന്നും നിങ്ങൾക്കിഷ്ടമെന്തായതെന്യേ
മന്നും വിണ്ണും നോക്കിയല്ലെന്റെ കൃത്യം 84
ബാലന്മാരെക്കൊല്ലുകിൽത്തൽക്ഷണം മ-
റ്റാലംബം വിട്ടാർത്തയാം റാണി കായം
കാലന്നേകും; വേനലിൽക്കൊമ്പു പട്ടാൽ
മൂലം താനേ ശുഷ്കമാം തർക്കമില്ല 85
ആരാൽച്ചെന്നബ്ബാലരെക്കൊന്നിടുന്നോ-
നാരാണെന്നേ ശങ്ക ഹൃത്തിങ്കലുള്ളൂ
ധീരാഗ്ര്യന്മാരെന്നിയേ പിന്നെയാരും
പോരാ; പോയാൽ ദുർഘടം; കയ്യറയ്ക്കും 86
മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചുവെന്നാൽ
തെറ്റും; കാര്യം തീർന്നതായ് നമ്മൊടോതി
മുറ്റും ഗൂഢം ബാലരെപ്പോറ്റിയെന്നാൽ
ചുറ്റും നാമീ വേലയൊക്കെക്കഴിച്ചും 87
ഇവണ്ണമപ്പുരുഷനോതവേ കട-
ന്നവർണ്യമാം ഹുങ്കൊടു രാമനാമഠം
ജവത്തിലപ്പൂതന കംസനോടുപോൽ
ലവം ഭയം ഹ്രീയിവ വിട്ടു ചൊല്ലിനാൻ 88
ശിശുവോ, വധുവോ, ജരാർത്തനോ, നൽ-
പ്പശുവോ, ഭൂസുരനോ, പിഴയ്ക്കിലാർക്കും
അശുഭത്തെ വരുത്തിടുന്നതെങ്കിൽ
പിശുനത്വം മമ വാളിനില്ല തെല്ലും 89
പുല്ലുമന്നിലുയി,രില്ല ഭയം, ഞാൻ
കൊല്ലുവൻ നൃവരബാലരെയെല്ലാം.
താൾ:ഉമാകേരളം.djvu/46
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല